ന്യൂഡൽഹി:അസമിൽ അന്തിമ പൗരത്വപട്ടിക (എൻ.ആർ.സി ) തയാറാക്കുന്ന നടപടികളെ തകർക്കുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിമർശിച്ചു.

ലോക്‌സഭാതിരഞ്ഞെടുപ്പ് സമയത്ത് എൻ.ആർ.സി പ്രവർത്തനങ്ങൾ തത്കാലം നിറുത്തണമെന്ന് കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് എൻ.ആർ.സി നിറുത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഏകദേശം 2,700 കമ്പനികൾ തിരഞ്ഞെടുപ്പിന് ആവശ്യമുണ്ട്.167 കംബൈൻഡ് ആർമ്ഡ് പൊലീസ് കമ്പനികൾ എൻ.ആർ.സി ജോലികളിലാണ്. തിരഞ്ഞെടുപ്പും എൻ.ആർ.സി പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ പ്രയാസമാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി ഇവരെ മറ്റിടങ്ങളിലേക്ക് വിന്യസിക്കേണ്ടതുണ്ടെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
' നിങ്ങൾക്ക് എൻ.ആർ.സി ജോലികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല. അതാണ് ഓരോ കാരണവുമായി വരുന്നത്. തുടക്കം മുതലേ എൻ.ആർ.സി പ്രവർത്തനങ്ങളെ തകർക്കുന്ന സമീപനമാണ്. നിങ്ങൾക്ക് 3000 കംബൈൻഡ് ആർമ്ഡ് പൊലീസ് കമ്പനികളുണ്ട്. തിരഞ്ഞെടുപ്പിനായി 2700 കമ്പനി മതിയെങ്കിൽ പിന്നെന്തിനാണ് എൻ.ആർ.സിക്കായുള്ള 167 കമ്പനികൾ. ബെഞ്ച് ചോദിച്ചു.
അതിർത്തി സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളുണ്ടെന്ന് അറ്റോർണി ജനറൽ മറുപടി നൽകി. എൻ.ആർ.സി മുന്നോട്ടുകൊണ്ടുപോകാൻ ആയിരം വഴികളുണ്ട്. 2019 ജൂലായ് 31 മുൻ എൻ.ആർ.സി പൂർത്തിയാക്കണമെന്ന മുൻ ഉത്തരവിൽ മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.