ന്യൂഡൽഹി: പാർട്ടിയിൽ ഒൗദ്യോഗിക പദവി ലഭിച്ച പ്രിയങ്കാ ഗാന്ധിക്ക് ഡൽഹി അക്‌ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് മുറിയും അനുവദിച്ചു. പാർട്ടി അദ്ധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയുടെ മുറിയുടെ തൊട്ടടുത്താണ് പ്രിയങ്കയുടെയും കാബിൻ. അദ്ധ്യക്ഷനാകും മുമ്പ് രാഹുലിന്റെ ഒാഫീസും പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ഉത്തർപ്രദേശ് ഈസ്‌റ്റിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയുടെ നിയമനം.
മകളുടെ ചികിത്സയ്‌ക്കായി വിദേശത്തായിരുന്ന പ്രിയങ്ക കഴിഞ്ഞ ദിവസം ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം രാഹുലിന്റെ വസതിയിൽ ഉത്തർപ്രദേശ് വെസ്‌റ്റിന്റെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും മറ്റുമായി ചർച്ചകൾ നടത്തിയിരുന്നു. മുൻപ് അമേഠിയിലും റായ്ബറേലിയിലും പ്രചാരണ ചുമതലകൾ വഹിച്ചിരുന്നെങ്കിലും പ്രിയങ്ക ആദ്യമായാണ് സുപ്രധാന പദവിയിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും പ്രിയങ്കയുടെ പരിധിയിലാണ്.