മതാചാരങ്ങളിലെ യുക്തി

പരിശോധിക്കരുത്:

എൻ.എസ്.എസ്

യുവതീ നിയന്ത്രണത്തിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. മതേതര വിഭാഗത്തിലുള്ള പൊതുസ്ഥാപനങ്ങളിലെ പ്രവേശന വിവേചനത്തെയാണ് ആർട്ടിക്കിൾ 15 നിരോധിക്കുന്നത്. മതപരമായ വിഭാഗത്തിലേതല്ല. അങ്ങേയറ്റം വെറുപ്പുളവാക്കുന്നവയല്ലെങ്കിൽ മതപരമായ വിഷയങ്ങളിൽ കോടതി സാധാരണ ഇടപെടാറില്ല. മതാചാരങ്ങളിലെ യുക്തിപരിശോധിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്.

ആരാധന ദേവതാ ഭാവത്തിന്

ചേരണം: തന്ത്രി

ദേവതയുടെ പിതാവിന്റെ സ്ഥാനമാണ് തന്ത്രിക്ക്. ഏല്ലാ ദേവതയ്ക്കും ഓരോ ഭാവമുണ്ട്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് യുവതീ പ്രവേശന നിയന്ത്രണം. അത് അവിഭാജ്യ മതാചാരമാണ്. തൊട്ടുകൂടായ്മയുമായി അതിന് ബന്ധമില്ല. ദേവതയുടെ ഭാവവുമായി ചേരുന്ന തരത്തിലാവണം ആരാധന. ക്ഷേത്രത്തിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. ഭരണഘടനാ ധാർമ്മികതയെന്ന ആശയം ഭരണഘടനയിലുള്ളതല്ല. വിവേചന ആചാരമാണെന്നതിന് തെളിവില്ലാത്തതിനാൽ വിധി പുനഃപരിശോധിക്കണം.

പ്രയാർ ഗോപാലകൃഷ്ണൻ

പ്രതിഷ്ഠയുടെ നൈഷ്‌ഠിക ബ്രഹ്മചര്യ ഭാവം കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി വിധി. ഹിന്ദുമതത്തിൽ ദൈവത്തെ ആരാധിക്കുന്നത് വിവിധ രൂപത്തിലാണ്. ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ.

തൊട്ടുകൂടായ്മ ജാതിയുടെയോ മതത്തിൻറെയോ പേരിലുള്ള മാറ്റിനിറുത്തലാണ്. ശബരിമലയിൽ സ്ത്രീയെയോ പുരുഷനെയോ, ജാതിയുടെ പേരിലോ മാറ്റിനിറുത്തുന്നില്ല.വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ യുക്തരഹിതമായിരിക്കും. ഇത് സയൻസ് മ്യൂസിയമല്ല. മതമാണ്. അതിനാൽ ഭരണഘടനാധാർമ്മികത എല്ലാകാര്യത്തിലും പ്രയോഗിക്കാനാവില്ല. മതപരമായ കാര്യങ്ങളിൽ ഭരണഘടനാധാർമ്മികത പ്രയോഗിക്കുന്നത് അതീവ ശ്രദ്ധയോടെയാവണം.

പന്തളം രാജകുടുംബം

വിവിധ തരത്തിലുള്ള ബ്രഹ്മചര്യമുണ്ട്. നൈഷ്‌ഠിക ബ്രഹ്മചര്യത്തിൽ എതിർ ലിംഗത്തിലുള്ളവരിൽ നിന്ന് അകലം പാലിക്കൽ ആവശ്യമാണ്. അവിഭാജ്യ മതാചാരത്തിന്റെ കാര്യത്തിൽ കോടതി ആ സമുദായത്തിന്റെ വാക്കുകൾ കണക്കിലെടുക്കണം

ബ്രാഹ്മണസഭ

ഒരു ആചാരത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ആ സമുദായമാണ്. കോടതിയല്ല.ഇത് പൊതുകാര്യമല്ല. ഒരു സമുദായത്തിനകത്തെ കാര്യമാണ്. ഇത് വിശ്വാസത്തിന്റെ കാര്യമാണ്. സതി പോലെ നിരോധിക്കപ്പെട്ട ആചാരമല്ലെങ്കിൽ കോടതി ഇടപെടേണ്ടതില്ല. വിധിയെ തുടർന്ന് കേരളത്തിലെ സമാധാനന്തരീക്ഷം തകർന്നു.

മറ്റ് വാദങ്ങൾ

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് ഒരു സമ്പ്രദായമാണ്. സമ്പ്രദായം സുപ്രീംകോടതി തീരുമാനിക്കരുത് - മുതിർന്ന അഭിഭാഷകൻ വെങ്കട്ടരമണി

വിവിധ മതത്തിലുള്ളവരാണെന്ന ഒറ്റകാര്യം കൊണ്ട് മതപരമായ പ്രത്യേക വിഭാഗമെന്ന പദവി അയ്യപ്പവിശ്വാസികൾക്ക് നിഷേധിക്കരുത്- മോഹൻ പരാശരൻ

ശബരിമല വിധി രാജ്യത്തെ മറ്റ് ആരാധാനാലയങ്ങളിലെ ആചാരങ്ങളെയും ബാധിക്കും. അവരുടെ ഭാഗം കേട്ടിട്ടില്ല. ഗോപാൽ ശങ്കരനാരായണൻ

വിവേചനം ഭരണഘടനാ വിരുദ്ധം:

സംസ്ഥാന സർക്കാർ

വിധി പുനഃപരിശോധിക്കേണ്ട ഒരു സാഹചര്യവുമില്ല. വിധിയിൽ ഗുരുതരമായ പിഴവ് ചൂണ്ടിക്കാണിച്ചിട്ടില്ല. ഏതെങ്കിലും ഒരുവാദം പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്കുള്ള കാരണമല്ല. ഒരു ക്ഷേത്രത്തിന്റെ അവിഭാജ്യ ആചാരവും മതത്തിന്റെ അവിഭാജ്യ ആചാരവും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ശബരിമലയിലേത് ക്ഷേത്രത്തിന്റെ ആചാരമാണ്. മതത്തിന്റേതല്ല. ഒരു ക്ഷേത്രത്തിന്റെ ആചാരം ഒരുമതത്തിന്റെ അവിഭാജ്യ ആചാരമല്ല. യുവതികളെ വിലക്കുന്നത് ഹിന്ദുമതത്തിലെ അവിഭാജ്യ ആചാരമല്ല.വിവേചനമില്ലായ്മയും മാറ്റിനിറുത്താതിരിക്കലും ഭരണഘടനയിലുടനീളമുള്ള മൂല്യങ്ങളാണ്. സാമൂഹ്യ സമാധാനം തകരുമെന്നത് ഭരണഘടനാ ചോദ്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ കോടതി പരിഗണിക്കേണ്ട കാര്യമല്ല. ഇത് സ്വകാര്യ നിയമപ്രശ്നമല്ല. ശബരിമല പൊതുക്ഷേത്രമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കേരള നിയമമുണ്ട്. മൗലികാവകാശങ്ങളെ ഹനിക്കുമ്പോൾ മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാം.

ആരാധനയിൽ വിവേചനം

അരുത്:ദേവസ്വം ബോർഡ്

സ്ത്രീ പുരുഷ സമത്വമാണ് ശബരിമല വിധിയുടെ ആത്മാവ്. അത് നമ്മുടെ സമൂഹത്തിന്റെ കാതലാണ്. ജീവശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിവേചനം പാടില്ല. ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള തുല്യഅവകാശം നിഷേധിക്കുന്ന ആചാരം ഭരണഘടനാവിരുദ്ധമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളെ ഉൾപ്പെടുത്തി സമൂഹത്തെ പരിവർത്തിപ്പിക്കേണ്ടതുണ്ട്. ജൈവശാസ്ത്രപരമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി അവരെ മാറ്റിനിറുത്തരുത്.
ഭരണഘടന തുല്യതയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നു