ന്യൂഡൽഹി: കന്നി ഐലീഗ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ചെന്നൈ എഫ്സി സിറ്റി ഫുട്ബാൾ ടീമിന്റെ 26ശതമാനം ഒാഹരികൾ പ്രമുഖ സ്വിസ് ക്ളബ് എഫ്സി ബേസൽ സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ക്ളബിൽ വിദേശ നിക്ഷേപം വരുന്നത്. 1893ൽ രൂപം കൊണ്ട എഫ്.സി ബേസലിലാണ് ലിവർപൂൾ താരങ്ങളായ മുഹമ്മദ് സല, ഹെർദാൻ ഷാക്കിരി, ക്രോയേഷ്യൻ താരം ഇവാൻ റാച്ചിക് തുടങ്ങിയ പ്രമുഖർ കളിച്ചു വളർന്നത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെയും മാഞ്ചസ്‌റ്റർ സിറ്റിയെയും അട്ടിമറിച്ച ചരിത്രവുമുണ്ട് ബേസലിന്.
ചെന്നൈ സിറ്റി എഫ്.സിയുടെ സഹഉടമകളാകുന്ന ബേസൽ ഫുട്ബാൾ വികസനത്തിനുള്ള നിരവധി പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് ക്ളബ് പ്രസിഡന്റ് ബെണാഡ് ബർഗനർ പറഞ്ഞു. കോയമ്പത്തൂരിൽ റസിഡൻഷ്യൽ യൂത്ത്അക്കാഡമി സ്ഥാപിച്ച് 10-18പ്രായത്തിലുള്ള മികച്ച കളിക്കാർക്ക് സൗജന്യ വിദ്യാഭ്യാസവും പരിശീലനവും നൽകും. തമിഴ്നാട്ടിലുടനീളം സോക്കർ സ്‌കൂളുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്. ബേസിലിന്റെ പ്രൊഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നതിനൊപ്പം വിദേശ കളിക്കാരെ ഇങ്ങോട്ടും ഇന്ത്യൻ കളിക്കാർക്ക് വിദേശത്തേക്കും അയയ്‌ക്കാൻ കഴിയുമെന്നും ചെന്നൈ സിറ്റി എഫ്സി ഉടമ രോഹിത് രമേശും ആർ. കൃഷ്‌ണകുമാറും പ്രത്യാശ പ്രകടിപ്പിച്ചു. ഐലീഗ് പോയന്റു പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമിനെ ഐ.എസ്.എല്ലിൽ കളിപ്പിക്കാൻ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.