ന്യൂഡൽഹി:ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി വിധിപറയാനായി മാറ്റി. ഇന്നലെ രാവിലെ 10.30 മുതൽ 3 മണി വരെ നീണ്ട വാദത്തിൽ, വിധിയെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന പ്രധാനകക്ഷികളെ കേട്ടശേഷം മറ്റുള്ളവർക്ക് വാദങ്ങൾ എഴുതി നൽകാൻ കോടതി ഒരാഴ്‌ച അനുവദിച്ചു.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ എ.എം.ഖാൻവിൽക്കർ, രോഹിൻറൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെടുന്ന ഭരണഘടനാ ബെഞ്ചാണ് റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.
എൻ. എസ്. എസും, തന്ത്രിയും, സംസ്ഥാനസർക്കാരും, ദേവസ്വം ബോർഡും ഉൾപ്പെടെ ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് കോടതി കേട്ടത്. യുവതീപ്രവേശനത്തെ എതിർത്ത് എൻ.എസ്.എസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.പരാശരനാണ് വാദം തുടങ്ങിയത്. തന്ത്രി കണ്ഠരര് രാജീവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി, പന്തളം രാജകുടുംബത്തിനുവേണ്ടി സായി ദീപക് ,ബ്രാഹ്മണസഭയ്ക്കുവേണ്ടി ശേഖർ നഫാഡെ, മറ്റുഹർജിക്കാർക്കുവേണ്ടി മോഹൻപരാശരൻ, വി.കെ ബിജു, എം.ആർ അഭിലാഷ്, മാത്യുനെടുമ്പാറ തുടങ്ങിയവർ വാദങ്ങളുന്നയിച്ചു.
ദേവതയുടെ നൈഷ്‌ഠിക ബ്രഹ്മചര്യമെന്ന സവിശേഷതയാണ് യുവതീ പ്രവേശന വിലക്കിന് കാരണമെന്ന് ഇവർ വാദിച്ചു. ഭരണഘടനാ ധാർമ്മികത വിശ്വാസത്തിന് കീഴ്പ്പെട്ടിരിക്കുന്നു, മതപരമായ കാര്യങ്ങൾ യുക്തികൊണ്ട് പരിശോധിക്കാനാവില്ല, ദേവതയുടെ ഭാവവും ആ ക്ഷേത്രത്തിന്റെ അവിഭാജ്യ ആചാരവുമായി ആരാധനാ അവകാശം യോജിച്ചുപോകണം, ചരിത്ര പശ്ചാത്തലം മനസിലാക്കാതെയാണ് തൊട്ടുകൂടായ്‌മയുമായി യുവതീ നിയന്ത്രണത്തെ വിധിയിൽ ബന്ധപ്പെടുത്തിയത് എന്നിങ്ങനെയായിരുന്നു ഇവരുടെ പ്രധാന വാദങ്ങൾ.
അതേസമയം, വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ
കോടതിയെ ബോധിപ്പിച്ചു.സർക്കാരിനോട് യോജിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡും യുവതീപ്രവേശത്തെ പിന്തുണയ്‌ക്കുന്ന നിലപാടെടുത്തു.യുവതികളെ മാറ്റിനിറുത്തുന്നത് ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചു. നേരത്തെ യുവതീ പ്രവേശനത്തെ എതിർത്ത ദേവസ്വം ബോർഡ് കരണംമറിഞ്ഞ് സർക്കാരിനെ അനുകൂലിച്ചപ്പോൾ വിയോജന വിധിയെഴുതിയ ഇന്ദുമൽഹോത്ര ബോർഡിന്റെ നിലപാട് മാറ്റം ചൂണ്ടിക്കാട്ടി. വിധിയെ ബഹുമാനിക്കാനാണ് ബോർഡിന്റെ തീരുമാനമെന്നും ആരാധനയിൽ ലിംഗ വിവേചനം പാടില്ലെന്നും ബോർഡിന്റെ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. വിധി നടപ്പാക്കാൻ സാവകാശം തേടി ബോർഡ് സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലാണ്.