ന്യൂഡൽഹി: വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന എൻഫോഴ്സ്‌മെന്റ് കേസിൽ കോടതി നിർദ്ദേശ പ്രകാരം ഹാജരായ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാധ്രയെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്‌തു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ഭാര്യ പ്രിയങ്കയ്‌ക്കൊപ്പമാണ് ഡൽഹി ഇന്ത്യാ ഗേറ്റിനു സമീപമുള്ള എൻഫോഴ്സ്‌മെന്റ് ഒാഫീസിൽ വാധ്ര എത്തിയത്. സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണ ഏജൻസിക്കു മുന്നിൽ വാധ്ര ഹാജരാകുന്നത് ആദ്യമായാണ്. ലണ്ടനിൽ അനധികൃത സ്വത്തുക്കളുണ്ടെന്ന ആരോപണങ്ങൾ വാധ്ര ചോദ്യം ചെയ്യലിൽ നിഷേധിച്ചതായി അറിയുന്നു.
ഈമാസം 16 വരെ മുൻകൂർ ജാമ്യം അനുവദിച്ച ഡൽഹി പാട്യാലാ കോടതി ചോദ്യം ചെയ്യലിനായി എൻഫോഴ്സ്‌മെന്റിന് മുന്നിൽ ഹാജരാകാൻ വാധ്രയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. വാധ്ര വരുന്നതറിഞ്ഞ് എൻഫോഴ്സ്‌മെന്റ് ഒാഫീസിനു മുന്നിൽ ദേശീയ ടെലിവിഷൻ ചാനലുകളുടെ ഒ. ബി വാനുകളും മറ്റും നീണ്ട നിര ഇടം പിടിച്ചിരുന്നു. മൂന്നരയോടെയാണ് ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം വാധ്ര കാറിൽ വന്നിറങ്ങിയത്. വാധ്രയെയും അഭിഭാഷകയെയും എൻഫോഴ്സ്‌മെന്റ് ഒാഫീസിനു മുന്നിൽ വിട്ട ശേഷം പ്രിയങ്ക മടങ്ങി. പ്രതികരണം ആരാഞ്ഞപ്പോൾ 'ഞാൻ എന്റെ ഭർത്താവിനൊപ്പം' എന്നുമാത്രം പറഞ്ഞു.
വാധ്രയ്‌ക്കെതിരെയുള്ള കേസുകൾ രാഷ്‌ട്രീയ ലാക്കോടെ കെട്ടിച്ചമച്ചതാണെന്ന ആരോപണം നിലനിൽക്കെയാണ് ഇന്നലെ എൻഫോഴ്സ്‌മെന്റ് ഒാഫീസിൽ പ്രിയങ്കയ്‌ക്കൊപ്പം വന്നിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. വാധ്രയെ വിട്ട ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് എത്തി ഔദ്യോഗികമായി ചുമതലയേറ്റു.
2009ൽ പെട്രോളിയം കരാറുകളിൽ നിന്ന് ലഭിച്ച കോഴപ്പണം ഉപയോഗിച്ച് ലണ്ടനിൽ 18 കോടി രൂപ വിലയുള്ള വീടും മറ്റ് ചില ഇടപാടുകൾ വഴി 85കോടി രൂപ വിലയുള്ള വസ്‌തുവകകളും വാങ്ങിയെന്നാണ് കേസ്. വിദേശത്ത് വാധ്രയ്‌ക്ക് മൂന്ന് വില്ലകളും ആറ് ആഡംബര ഫ്ളാറ്റുകളുണ്ടെന്നാണ് എൻഫോഴ്സ്‌മെന്റിന്റെ കണ്ടെത്തൽ. ആരോപണങ്ങൾ നിഷേധിക്കുന്ന വാധ്രയെ ഒരു ഏജൻസി ചോദ്യം ചെയ്യുന്നതും ആദ്യമാണ്.
ലണ്ടനിലെ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ വാധ്രയിൽ നിന്ന് ശേഖരിക്കേണ്ടതുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് കോടതിയിൽ പറഞ്ഞിരുന്നു. സ്വത്തുക്കൾ വാങ്ങിയതിന്റെ ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്‌മെന്റ് അന്വേഷിക്കുന്നത്. വിദേശ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകളിലാണ് കേസ്. ഡിസംബർ 7ന് വാധ്രയുടെ ഡൽഹിയിലെയും ബംഗളുരുവിലെയും ഒാഫീസുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിനുളള സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് മുൻകൂർ ജാമ്യം തേടിയതും. ജാമ്യാപേക്ഷയെ എൻഫോഴ്സ്‌മെന്റ് എതിർത്തിരുന്നു.