ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ശനിയാഴ്‌ച പി.സി.സി അദ്ധ്യക്ഷൻമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി, കർണാടകയുടെ ചുമതല വഹിക്കുന്ന കെ.സി. വേണുഗോപാൽ, ഡൽഹിയുടെ ചുമതലയുള്ള പ്രത്യേക ക്ഷണിതാവ് പി.സി. ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുക്കും. പ്രചാരണ യാത്രയിൽ പങ്കെടുക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ശനിയാഴ്‌ച യോഗത്തിൽ എത്തില്ല.
പ്രിയങ്ക ചുമതലയേറ്റു
ഉത്തർപ്രദേശ് ഈസ്‌റ്റിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്കാ ഗാന്ധി ഇന്നലെ കോൺഗ്രസ് ആസ്ഥാനത്ത് ചുമതലയേറ്റു. സാമ്പത്തിക കേസിൽ അന്വേഷണം നേരിടുന്ന ഭർത്താവ് റോബർട്ട് വാധ്രയെ എൻഫോഴ്സ്‌മെന്റ് ഒാഫീസിൽ ഇറക്കി വിട്ട ശേഷമാണ് പ്രിയങ്ക എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്ത് പ്രിയങ്കയ്‌ക്കും പ്രത്യേക മുറി അനുവദിച്ചിട്ടുണ്ട്. മാതാവും യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെയും സഹോദരൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണചുമതലകൾ വഹിച്ചിട്ടുള്ള പ്രിയങ്കയ്‌ക്ക് പാർട്ടിയിൽ ഔദ്യോഗിക ചുമതല ലഭിക്കുന്നത് ആദ്യമായാണ്.