ന്യൂഡൽഹി: ദിനകരൻ പക്ഷത്തിന് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് പൊതുതിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.


ദിനകരൻ പക്ഷത്തിന് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേയും സുപ്രീംകോടതി നീക്കി. സാദ്ധ്യമെങ്കിൽ പ്രഷർകുക്കർ ചിഹ്നം തന്നെ നൽകണമെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്.


തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവരുടെ വിഭാഗത്തെ അണ്ണാ.ഡി.എം.കെയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതിനെയും രണ്ടില ചിഹ്നം നൽകിയതിനെയും ചോദ്യം ചെയ്ത് ദിനകരൻ നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതിയിലുള്ളത്. യഥാർത്ഥ എ.ഐ.എ.ഡി.എം.കെ ആരാണെന്ന കാര്യത്തിൽ നാലാഴ്ചയ്ക്കുള്ളിൽ ഡൽഹി ഹൈക്കോടതി തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. തീരുമാനം വൈകുകയാണെങ്കിൽ ചിഹ്നം ആവശ്യപ്പെട്ടുള്ള ദിനകരന്റെ അപേക്ഷയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കണം.
ഡി.എം.കെ അദ്ധ്യക്ഷനായിരുന്ന എം.കരുണാനിധി അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ തിരുവാരൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും പൊതുതിരഞ്ഞെടുപ്പ് അടുത്തതുമാണ് കേസ് സജീവമാക്കിയത്. ജയലളിതയുടെ ആർ.കെ നഗർ മണ്ഡലത്തിൽ പ്രഷർ കുക്കർ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.