ന്യൂഡൽഹി: ബി.ജെ.പിയെ താഴെയിറക്കാൻ രൂപീകരിച്ച മഹാമുന്നണി അധികാരത്തിലെത്തില്ലെന്നും കോൺഗ്രസ് 55വർഷം പിന്നോട്ടടിപ്പിച്ച രാജ്യം 55 മാസത്തിൽ വികസനം കണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.പി.എ സർക്കാരിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ചുള്ള പതിവു പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. പ്രമേയം ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി.
മോദി രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് പറയുന്ന കോൺഗ്രസ് ചരിത്രം മറക്കുന്നു. കോൺഗ്രസ് ഭരിച്ച 55വർഷവും കഴിഞ്ഞ 55 മാസങ്ങളും തമ്മിൽ താരതമ്യം ചെയ്‌താലറിയാം. സൈന്യം, തിരഞ്ഞെടുപ്പ് കമ്മിഷൻ, സുപ്രീംകോടതി തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെയൊന്നും കോൺഗ്രസ് മാനിച്ചില്ല. 356-ാം വകുപ്പ് ഇന്ദിരാ ഗാന്ധി പലതവണ ദുരുപയോഗം ചെയ്‌തു. കേരളത്തിൽ സർക്കാരിനെ പിരിച്ചു വിട്ടു. കേരളത്തിലുള്ളവർ അതോർക്കുന്നുണ്ടാകും. കോൺഗ്രസ് ഭരണകാലത്ത് ചെയ്യാതിരുന്ന കാര്യങ്ങളാണ് എൻ.ഡി.എ സർക്കാരിന് ചെയ്യേണ്ടി വന്നത്. അവർക്ക് വികസനം എന്നാൽ ബിസി: ബിഫോർ കോൺഗ്രസും എഡി: ആഫ്ടർ ഡൈനാസ്‌റ്റിയുമാണ് (കുടുംബപാരമ്പര്യത്തിന് ശേഷം).
വൈദ്യുതീകരണം അടക്കം പല വാഗ്‌ദാനങ്ങളും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഒതുങ്ങി. അതെല്ലാം നടപ്പാക്കിയ സേവാഭാവനയുള്ള 55മാസങ്ങളാണ് കഴിഞ്ഞു പോയത്. പ്രതിപക്ഷം വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നു. വിമർശിക്കാൻ സ്വാതന്ത്ര്യമുള്ളതിനാൽ ചിലർ ലണ്ടനിൽ പോയി വാർത്താസമ്മേളനം വിളിക്കുന്നു.
കോമൺവെൽത്ത് ഗെയിംസിൽ കായിക താരങ്ങൾ മെഡൽ നേടാൻ പരിശ്രമിക്കുമ്പോൾ ചില നേതാക്കൾ സ്വന്തം വെൽത്ത്(സ്വത്ത്) വർദ്ധിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നെ ടുജി അഴിമതിയും വന്നു. ഫോണിൽ വിളിച്ചു ചോദിക്കുന്നവർക്കെല്ലാം വായ്പ നൽകിയതു വഴി ലക്ഷം കോടികൾക്ക് കണക്കില്ലാതെയായി. വായ്പയെടുത്ത് രാജ്യംവിട്ടവരെ തിരിച്ചുകൊണ്ടുവരാൻ നിയമമുണ്ടാക്കിയത് എൻ.ഡി.എ സർക്കാരാണ്.
സേനയ്‌ക്ക് ആവശ്യമുള്ള സാമഗ്രികൾ ലഭ്യമാക്കുന്നതിൽ യു.പി.എ സർക്കാർ പരാജയപ്പെട്ടു. ദല്ലാളുമാരില്ലാതെ ഒരു ഇടപാടും നടന്നില്ല. സേന ഇപ്പോഴും നന്നാവാൻ ആഗ്രഹിക്കാത്തതിനാൽ റാഫേൽ യുദ്ധവിമാന ഇടപാടിനെ വിമർശിക്കുന്നു.
തനിക്കെതിരെ പല കക്ഷികളുടെ കൂട്ടായ്മ രൂപംകൊണ്ടിട്ടുണ്ട്. മഹാഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാരിനെതിരെ രൂപീകരിച്ച മഹാമുന്നണി സഖ്യം ഇവിടെ എത്താൻ പോകുന്നില്ല. കേരളത്തിലും ബംഗാളിലും മുഖാമുഖം എതിർക്കുന്നവരാണ് അതിലുള്ളത്.
നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം കൈകാര്യം ചെയ്‌തിരുന്ന മൂന്നു ലക്ഷം കമ്പനികൾ പൂട്ടി. പുതിയ നിയമങ്ങൾ വന്നതോടെ വിദേശത്തെ സ്വത്തുവിവരങ്ങൾ വെളിപ്പെടുകയാണെന്നും റോബർട്ട് വാധ്രയുടെ കേസിനെ പരോക്ഷമായി പരാമർശിച്ച് മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിമുക്ത ഭാരതം ബി.ജെ.പിയുടെ മുദ്രാവാക്യമല്ലെന്നും മഹാത്‌മാ ഗാന്ധിയുടെ സ്വപ്‌നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ മല്ലികാർജ്ജുന ഖാർഗെ സർക്കാരിന്റെ നാലരവർഷത്തെ ഭരണത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു കൂടുതലും. സി.പി.ഐ അംഗം സി.എൻ. ജയദേവനും ആർ.എസ്.പിയെ പ്രതിനിധീകരിച്ച് എൻ.കെ. പ്രേമചന്ദ്രനും മുസ്ളീംലിഗിനു വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.