ന്യൂഡൽഹി: മുസഫർപൂർ ഷെൽട്ടർ ഹോം ഉൾപ്പെടെയുള്ള ഷെൽട്ടർ ഹോം പീഡനകേസിലെ അന്വേഷണസംഘത്തലവനായിരുന്ന സി.ബി.ഐ ജോയിൻറ് ഡയറക്ടർ എ.കെ ശർമ്മയെ സ്ഥലംമാറ്റിയതിൽ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. കോടതിയുടെ അനുമതിയില്ലാതെ എ.കെ ശർമ്മയെ സ്ഥലംമാറ്റിയ മുൻ ഇടക്കാലഡയറക്ടർ എം.നാഗശ്വരറാവുവിനോട് ഫെബ്രുവരി 12 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ജനുവരി 17നാണ് നാഗേശ്വരറാവു എ.കെ ശർമ്മയെ സി.ആർ.പി.എഫിലേക്ക് സ്ഥലംമാറ്റിയത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അന്വേഷണത്തലവനെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചതിനാണ് ചീഫ്ജസ്റ്റിസ് രഞ്ജൻഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രോസിക്യൂഷൻ ഡയറക്ടർ ഇൻചാർജ് എസ്. ബസുറാമിനോടും 12ന് ഹാജരാകൻ ഉത്തരവിട്ടിട്ടുണ്ട്.
മുസഫർപൂർ ഷെൽട്ടർ ഹോം കേസ് ഡൽഹിയിലേക്ക് മാറ്റി
ബീഹാർ മുസഫർപൂർ അഭയകേന്ദ്ര പീഡന കേസ് സുപ്രീംകോടതി ഡൽഹിയിലേക്ക് മാറ്റി. ഡൽഹി സാകേത് കോടതിയിലാണ് ഇനി കേസ് നടക്കുക. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിർദ്ദേശിച്ചു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി സി.ബി.ഐയാണ് കേസ് ഡൽഹിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്. കേസിൽ വീഴ്ചവരുത്തിയതിന് ബീഹാർ സർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു.