ന്യൂഡൽഹി:ഗവർണറുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2005ലെ വിവരാവകാശ നിയമത്തിലെ സെക്‌ഷൻ 2ൽ പറയുന്ന പബ്ലിക് അതോറിറ്റിയിൽ ഗവർണറുടെ ഓഫീസ് വരുമോ, ഭരണഘടന പ്രകാരം ഗവർണർക്കുള്ള പരിരക്ഷ എത്രവരെ തുടങ്ങിയവയാണ് പരിശോധിക്കുക.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഗോവ ഗവർണറുടെ സെക്രട്ടറിയോട് ഗോവയിലെ മുഖ്യവിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചു. ഇതിനെതിരെ ഗോവ ഗവർണർ ബോംബെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. പിന്നീട് ഗവർണറുടെ ഓഫീസ് കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അനുവദിച്ചാണ് വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.
ജുഡിഷ്യറിയും സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന ഹർജി 2009 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.