ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എം കേരള ഘടകത്തെ വെട്ടിലാക്കി ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കാൻ പാർട്ടി ദേശീയ നേതൃത്വത്തിൽ ധാരണ. ലോക്‌സഭാ ഇലക്‌ഷനിൽ തൃണമൂൽ കോൺഗ്രസിനെയും ബി.ജെ.പിയെയും ഒന്നിച്ചെതിർക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസുമായി ധാരണയ്ക്കുള്ള സി.പി.എം നീക്കം.
കഴിഞ്ഞ സി.പി.എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ബംഗാൾ ഘടകം മുന്നോട്ടുവച്ച കോൺഗ്രസ് സഖ്യമെന്ന ആശയത്തിന് എതിരെ കടുത്ത എതിർപ്പ് ഉന്നയിച്ച പി.ബി അംഗങ്ങളിൽ മുന്നിൽ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമായിരുന്നു. ഇന്ന് ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗം ചേരാനിരിക്കെ ബംഗാളിലെ തിരഞ്ഞെടുപ്പു ധാരണയോട് സംസ്ഥാന നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് ശ്രദ്ധേയം.
മമതയേയും ബി.ജെ.പിയേയും ഒരുമിച്ച് എതിർക്കാൻ ബംഗാളിൽ സഹകരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടത്തിയ ചർച്ചകളിലാണ് ധാരണയായത്. ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മമതയും മോദി സർക്കാരുമായി പോര് മുറുകിയ സാഹചര്യത്തിലാണ് രാഹുലും യെച്ചൂരിയും ചർച്ച നടത്തിയത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ തുടങ്ങിയ ചർച്ച പിന്നീട് രാഹുലിന്റെ ഒാഫീസിലും തുടർന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉരുത്തിരിയുന്ന പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ബംഗാളിൽ നിലവിലുള്ള സഹകരണം തുടരാനുള്ള കോൺഗ്രസ്- സി.പി.എം തീരുമാനം. മമതാ ബാനർജി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സംസ്ഥാനത്ത് ശക്തമായ അടിത്തറ സൃഷ്‌ടിച്ച ബി.ജെ.പിയുടെ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളെ ചെറുക്കാനാണ് സി. പി. എം കോൺഗ്രസിനെ കൂട്ടുപിടിക്കുന്നത്.
കൊൽക്കത്ത സംഭവങ്ങളിൽ മമതയ്‌ക്ക് പിന്തുണ വാഗ്‌ദാനം ചെയ്‌തെങ്കിലും രാഹുൽ ഗാന്ധി നേരിട്ട് പോകുകയോ ബംഗാൾ കോൺഗ്രസ് നേതാക്കൾ സമരവേദിയിൽ എത്തുകയോ ചെയ്യാതിരുന്നത് സി. പി. എമ്മുമായുള്ള ചർച്ചകളെ തുടർന്നാണെന്ന് ശ്രുതിയുണ്ട്. ബി.ജെ.പിയെ എതിർക്കാൻ മമതയ്‌ക്കു നൽകിയ പിന്തുണ സംസ്ഥാനത്ത് തിരിച്ചടിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും സഹകരിച്ചെങ്കിലും മമതയ്‌ക്കെതിരെ വോട്ട് സ്വരൂപിക്കുന്നതിൽ പരാജയപ്പെട്ടതോടെ ധാരണ ചോദ്യം ചെയ്യപ്പെട്ടു. 295 അംഗ നിയമസഭയിൽ കോൺഗ്രസിന് 44ഉം സി.പി.എമ്മിന് 26ഉം സീറ്റുകളാണ് ലഭിച്ചത്. ഇടതുകക്ഷികൾക്ക് ആകെ 32ഉം. ലോക്‌സഭയിൽ കോൺഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളുണ്ട്.
തിരഞ്ഞെടുപ്പു സഖ്യം പാടില്ലെങ്കിലും ധാരണയാകാമെന്ന അടവു നയമാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസ് സ്വീകരിച്ചത്. തൃണമൂൽ കോൺഗ്രസിനെയും ബി.ജെ.പിയെയും എതിർക്കാൻ സമാനമായ നിലപാട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കാനാണ് ധാരണ. പക്ഷേ, കേരളത്തിൽ ബദ്ധവൈരിയായ കോൺഗ്രസുമായി ബംഗാളിൽ സഹകരിക്കുന്നതിന്, സംസ്ഥാനത്ത് എന്തു ന്യായീകരണം നൽകുമെന്നത് സി.പി.എമ്മിന് തലവേദനയാകും. ദേശീയ സാഹചര്യം കേന്ദ്ര ഘടകം വിശദീകരിച്ചാലും അണികളെ ബോധ്യപ്പെടുത്താൻ ക്ളേശിക്കേണ്ടിവരും. സംസ്ഥാന നേതൃത്വം ഇക്കാര്യം തന്നെയാകും ഇന്ന് ആരംഭിക്കുന്ന പി.ബി യോഗത്തിൽ ഉന്നയിക്കുക.