indian-national-congress

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ ചെറുപ്പക്കാർക്കും പരിചയസമ്പന്നർക്കും മുൻഗണന നൽകാൻ ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായി. ജയസാദ്ധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും തുടർച്ചയായി പരാജയപ്പെടുന്നവരെ ഒഴിവാക്കാനും രാഹുൽ നിർദ്ദേശിച്ചു. പാർട്ടിയിൽ ആദ്യമായി ഔദ്യോഗിക പദവി ലഭിച്ച പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി ആസ്ഥാനത്തെ യോഗത്തിൽ പങ്കെടുത്തു.

ജാതി, മത, ഗ്രൂപ്പ് പരിഗണനകൾക്ക് അതീതമായി ജയസാദ്ധ്യത മാത്രമായിരിക്കണം സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്ന് രാഹുൽ പറഞ്ഞു. പ്രചാരണം അടക്കമുള്ള കാര്യങ്ങളിൽ ജനറൽ സെക്രട്ടറിമാരുടെ ജോലികൾ യോഗം വിലയിരുത്തി. പ്രചാരണത്തിന് കേന്ദ്രനിരീക്ഷണ സമിതിയുണ്ടാകും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലും മറ്റും പ്രചാരണത്തിന് ഉപയോഗിക്കും.

കേരളം അടക്കം ഒാരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്‌തെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഈമാസം അവസാനത്തോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പ്രചാരണം തുടങ്ങുന്ന വിധത്തിൽ ചർച്ചകൾ പൂർത്തിയാക്കും. പ്രാദേശിക സഖ്യങ്ങളിലും ഉടൻ ധാരണയുണ്ടാക്കും.

കോൺഗ്രസിന് വിജയം സുനിശ്‌‌ചിതമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മാന്യത പാലിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

ദേശീയ തലത്തിൽ പ്രിയങ്കയും

കിഴക്കൻ യു. പിയുടെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. ഈമാസം 12 മുതൽ 14 വരെ ലക്‌നൗവിൽ പ്രിയങ്ക പ്രചാരണത്തിന് തുടക്കം കുറിക്കും.പ്രിയങ്കയെ സ്വാഗതം ചെയ്യാൻ ഉത്തർപ്രദേശിലെ പ്രവർത്തകർ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്. രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ യു. പിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാനത്തുണ്ടാകും. ലക്‌നൗവിന് ശേഷം പ്രിയങ്ക ആന്ധ്രയിൽ പ്രചാരണം നടത്തും. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കാണ് ആന്ധ്ര ചുമതല.

ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്കയുടെ ആദ്യത്തെ ഔദ്യോഗിക യോഗമായിരുന്നു ഇന്നലത്തേത്. പിന്നീട് പ്രിയങ്കയ്‌ക്കൊപ്പമാണ് രാഹുൽ മാദ്ധ്യമങ്ങളെ കണ്ടത്.