mamta

ന്യൂഡൽഹി: ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ അഞ്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി വീരേന്ദ്ര, അഡിഷണൽ ഡി.ജി വിനീത് ഗോയൽ (1994 ബാച്ച് ),ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി അനുജ് ശർമ്മ (1991 ബാച്ച്), പൊലീസ് കമ്മിഷണർ ഗാവന്ദ് സിംഗ് (1993), എ.സി.പി എസ്.സർക്കാർ (1997) എന്നിവർക്കെതിരെയാണ് നടപടി. സി.ബി.ഐ ഉദ്യോഗസ്ഥരെ തടയുകയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്രസർക്കാരിനെതിരെ നടത്തിയ ധർണയിൽ പങ്കെടുക്കുകയും ചെയ്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രാലയം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്തുതർഹ്യസേവനത്തിന് ഇവർക്ക് നൽകിയ പൊലീസ് മെഡലുകൾ തിരിച്ചെടുക്കാനും കുറച്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ ഡെപ്യൂട്ടേഷൻ തടയാനും സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
മമതാബാനർജി നടത്തിയ ധർണയിൽ പങ്കെടുത്ത പൊലീസ് കമ്മിഷണർ രാജീവ്കുമാറിനെതിരെ അച്ചടക്ക നടപടി തുടങ്ങാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. കേന്ദ്ര - സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന പ്രവർത്തനം, രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവർത്തനത്തിലോ പങ്കെടുക്കൽ, രാഷ്ട്രീയ നിക്ഷ്പക്ഷത പാലിക്കാതിരിക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് രാജീവ്കുമാറിനെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്.