കോടതിയുടെ സമയം കളഞ്ഞതിന് 50,000 പിഴ

ന്യൂഡൽഹി : നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായിരിക്കെ സർക്കാർ അനുവദിച്ച ബംഗ്ലാവ് ഉടൻ ഒഴിയണമെന്ന പാറ്റ്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പാറ്റ്ന പോളോ റോഡ് 1ൽ പ്രതിപക്ഷ നേതാവിന് അനുവദിച്ച വസതിയിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ച് കോടതിയുടെ സമയം പാഴാക്കിയതിന് തേജസ്വി യാദവ് 50,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.

പാറ്റ്ന രാജ്ബൻസി നഗറിലെ 5,ദേശ്‌രത്ന മാർഗിലെ ബംഗ്ലാവ് ഒഴിയണമെന്ന പാറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരെ തേജസ്വി യാദവ് നൽകിയ ഹർജിയാണ് തള്ളിയത്.

2015ൽ മഹാസഖ്യമായി മത്സരിച്ചാണ് നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ഒരുമിച്ച് സർക്കാരുണ്ടാക്കിയത്. നിതീഷ്‌കുമാർ മുഖ്യമന്ത്രിയും തേജസ്വി ഉപമുഖ്യമന്ത്രിയുമായി. രാജ്ഭവനും മുഖ്യമന്ത്രിയുടെ വസതിക്കും തൊട്ടടുത്തായി തേജസ്വിക്ക് ബംഗ്ലാവ് അനുവദിച്ചു. 2017 ൽ നിതീഷ്‌കുമാർ എൻ.ഡി.എയിലേക്ക് മടങ്ങിയതോടെ സഖ്യസർക്കാർ നിലംപൊത്തി. ബി.ജെ.പി പിന്തുണയോടെ നിതീഷ്‌കുമാർ വീണ്ടും മുഖ്യമന്ത്രിയായി. ബി.ജെ.പി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയായെങ്കിലും തേജസ്വി വസതിയൊഴിഞ്ഞില്ല. ബംഗ്ലാവ് ഒഴിയാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. തുടർന്ന് തേജസ്വി പാറ്റ്ന ഹൈക്കോടതിയെ സമീപിച്ചു. 2018 ഒക്ടോബറിൽ സിംഗിൾ ബെഞ്ചും ഈ വർഷം ജനുവരിയിൽ ഡിവിഷൻ ബെഞ്ചും തേജസ്വിയുടെ ഹർജി തള്ളി.