mayavathi

ന്യൂഡൽഹി: യു.പി മുഖ്യമന്ത്രിയായിരിക്കെ പാർക്കുകളിൽ നൂറുകണക്കിന് ആന പ്രതിമകളുൾപ്പെടെ സ്ഥാപിച്ചതിന് പൊതുഖജനാവിൽ നിന്ന് ചെലവാക്കിയ തുക ബി.എസ്.പി അദ്ധ്യക്ഷ മായാവതി സ്വന്തം കീശയിൽ നിന്ന് മടക്കിനൽകേണ്ടിവരുമെന്ന് സുപ്രീംകോടതി. പ്രതിമ സ്ഥാപിച്ചതിന് എതിരെയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം. കേസിൽ അന്തിമവാദം ഏപ്രിൽ രണ്ടിന് കേൾക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജയ് ഖന്ന എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. 52.20 കോടി പൊതുപണം ഉപയോഗിച്ച് പാർട്ടി ചിഹ്നം പൊതുസ്ഥലത്ത് സ്ഥാപിച്ചത് നിയമവിരുദ്ധമാണ്. ഇവ നീക്കം ചെയ്യാൻ ഉത്തരവിടണം. പൊതുപണം ദുരുപയോഗം ചെയ്തതിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ബി.എസ്.പി അധികാരത്തിലിരുന്ന 2007 മുതൽ 2012 വരെ ലക്‌നൗവിലെയും നോയിഡയിലെയും പാർക്കുകളിൽ കോടികൾ ചെലവിട്ട് മായാവതിയുടെയും രാഷ്ട്രീയ ഗുരു കാൻഷിറാമിന്റെയും പാർട്ടി ചിഹ്നമായ ആനയുടെയും പ്രതിമകൾ വ്യാപകമായി സ്ഥാപിക്കുകയായിരുന്നു.

40,000 കോടിയാണ് പ്രതിമകൾക്കായി ചെലവഴിച്ചതെന്നായിരുന്നു അന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചത്. കുടുംബാംഗങ്ങളുടെ വരെ പ്രതിമയുണ്ടാക്കാൻ മായാവതി പദ്ധതിയിടുന്നുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. ആരോപണം മായാവതി നിഷേധിച്ചിരുന്നെങ്കിലും തുക വെളിപ്പെടുത്തിയിരുന്നില്ല.

നിയമസഭ അംഗീകരിച്ച ബഡ്ജറ്റ് വിഹിതത്തിലൂടെയാണ് പണം ചെലവഴിച്ചതെന്നാണ് ബി.എസ്.പി നിലപാട്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രതിമ മൂടിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു.

അഭിഭാഷകരായ രവികാന്ത്, സുകുമാർ എന്നിവർ 2009ൽ കൊടുത്ത പൊതുതാത്പര്യഹർജിയാണ് ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നത് .