ന്യൂഡൽഹി:റാഫേൽ യുദ്ധവിമാന ഇടപാടിൽ ഇന്ത്യയുടെ ഔദ്യോഗിക കൂടിയാലോചനാ സംഘത്തെ ദുർബലപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഫ്രാൻസുമായി സമാന്തര കൂടിയാലോചനകൾ നടത്തിയെന്നും അതിനെ പ്രതിരോധമന്ത്രാലയം ശക്തമായ എതിർത്തെന്നും വ്യക്തമാക്കുന്ന രേഖ പുറത്തായി.

പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ഇടപെടൽ മന്ത്രാലയത്തിന്റെ താത്‌പര്യങ്ങളെ ദുർബ്ബലമാക്കിയെന്നും ഫ്രഞ്ച്സംഘം അത് മുതലെടുത്തെന്ന നോട്ടും, അതിൽ മുൻ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ ജി. മോഹൻ കുമാർ അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും 'ദ ഹിന്ദു' ദിനപ്പത്രമാണ് പുറത്തു വിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചർച്ചകൾ നമ്മുടെ കൂടിയാലോചനയെ ഗുരുതരമായി അട്ടിമറിക്കുന്നതായതിനാൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്നാണ് മോഹൻകുമാറിന്റെ കുറിപ്പ്.

പ്രശ്നം ഇന്നലെ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. ലോക്‌സഭയിൽ സർക്കാരിനെതിരായ ആക്രമണം നയിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനാണെന്ന് തെളിഞ്ഞതായി ആരോപിച്ചു. റാഫേൽ ഇടപാട് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. മോദി സർക്കാരിൽ രാജ്യദ്രോഹികളാണെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സമാന്തര ഇടപെടൽ നടത്തിയതെന്ന് തൃണമൂൽ എം.പി സൗഗത റോയ് പറഞ്ഞു. ഹിന്ദു ദിനപ്പത്രം ഉയർത്തിക്കാട്ടി തൃണമൂൽ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം, മുൻ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് കേന്ദ്രം നിഷേധിച്ചില്ല. എന്നാൽ അതിന് താഴെ മനോഹർ പരീക്കർ കുറിച്ച മറുപടി പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ പുറത്തുവിട്ടു. പ്രധാനമന്ത്രി ഇടപെടുന്നതിൽ തെറ്റില്ലെന്നും പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചർച്ച ചെയ്തു പരിഹരിക്കണമെന്നുമാണ് പരീക്കർ കുറിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ അപാകതയില്ലെന്ന് നി‌ർമ്മല സീതാരാമൻ പറഞ്ഞു.

പുതിയ വിവാദം

കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചതനുസരിച്ച് റാഫേൽ ഇടപാടിൽ ജനറൽ സ്‌റ്റീഫൻ റെബിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സംഘവുമായി ചർച്ച നടത്തിയത് വ്യോമസേനാ ഉപമേധാവി എയർമാർഷൽ എസ്.ബി.പി സിൻഹയുടെ ഏഴംഗ സംഘമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന് ചർച്ചയിൽ പങ്കുള്ളതായി പരാമർശമില്ല.

2015 നവംബർ 25ന് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ. ശർമ്മ തയ്യാറാക്കിയ നോട്ടിൽ മോദിയുടെ ഒാഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഉപദേഷ്‌ടാവ് ലൂയി വാസിയുമായി സമാന്തര ചർച്ച നടത്തിയെന്ന് സൂചന. സമാന്തര ചർച്ച ഇന്ത്യയ്‌ക്ക് ദോഷമാകും. ഇന്ത്യൻ സംഘത്തിൽ ഇല്ലാത്തവരുടെ സമാന്തര ചർച്ച ഒഴിവാക്കണം. മന്ത്രാലയത്തിൽ വിശ്വാസം ഇല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഒാഫീസിന് നേരിട്ട് ചർച്ച നടത്താമെന്നും നോട്ടിലുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന് വിവരം ലഭിക്കുന്നത് ജാവേദ് അഷ്‌റഫും ലൂയി വാസിയുമായുള്ള ഫോൺ സംഭാഷണം പരാമർശിക്കുന്ന സ്‌റ്റീഫൻ റെബിന്റെ കത്തിൽ നിന്ന്.

വിമാന ഇടപാടിന് ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റി അല്ലെങ്കിൽ ബാങ്ക് ഗാരണ്ടി എന്ന ഇന്ത്യയുടെ ആവശ്യം ജാവേദ്-വാസി ചർച്ചയെ തുടർന്ന് ഉപേക്ഷിച്ചെന്നും റെബിന്റെ കത്തിൽ.

ദേശീയ പ്രതിരോധ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ ഉപദേശ പ്രകാരം മനോഹർ പരീക്കർ ബാങ്ക്ഗാരണ്ടി ഉപാധി ഒഴിവാക്കി