ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നടപടികൾ അട്ടിമറിച്ച് ജനങ്ങളുടെ 30,000കോടിരൂപ അനിൽ അംബാനിക്ക് നൽകിയെന്ന് വ്യക്തമായെന്നും നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിക്കാൻ മടിയില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇടപാടിനായുള്ള ചർച്ചകൾ സംബന്ധിച്ച് സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുൽ പറഞ്ഞു.

ഒരു വർഷമായി കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്ന വിവരങ്ങളാണ് ഒരുദേശീയ മാദ്ധ്യമം പുറത്തു വിട്ടത്. പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നു. റിലയൻസിനു വേണ്ടി പ്രധാനമന്ത്രി തന്നോട് സംസാരിച്ചെന്ന മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദിന്റെ വെളിപ്പെടുത്തൽ ഇത് ശരിവയ്‌ക്കുന്നു. പ്രധാനമന്ത്രി ചർച്ചകളെ മറികടന്നുവെന്ന് കുറിപ്പ് പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ സുപ്രീംകോടതിയെയും തെറ്റിദ്ധരിപ്പിച്ചു. അല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു.

മോദി കോർപറേറ്റുകൾക്കു വേണ്ടിയാണ് ഇടപെട്ടത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കള്ളം പറഞ്ഞെന്നും തെളിഞ്ഞു. പാർലമെന്റിൽ മണിക്കൂറുകൾ പ്രസംഗിച്ച പ്രധാനമന്ത്രി ഒരു വശത്ത് കള്ളനും മറുവശത്ത് കാവൽക്കാരൻ ചമയുകയുമാണ്. മോദി നഷ്‌ടപ്പെടുത്തിയ 30,000 കോടിരൂപ സേനാംഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണമായിരുന്നു - രാഹുൽ പറഞ്ഞു.