ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ചർച്ചകളിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തരമായി ഇടപെട്ടെന്ന വെളിപ്പെടുത്തലിനെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളും ഇന്നലെ പ്രക്ഷുബ്‌ധമായി. രാജ്യസഭ രാവിലെ തന്നെ പിരിഞ്ഞു. ലോക്‌സഭ ഒന്നിലധികം തവണ സ്‌തംഭിച്ചു. പ്രതിപക്ഷം ചത്ത കുതിരയെ പ്രഹരിക്കുകയാണെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ പറഞ്ഞു.
രാവിലെ ഒരു തവണ പിരിഞ്ഞ ലോക്‌സഭ 12മണിക്ക് ശൂന്യവേളയിലേക്ക് കടന്നപ്പോഴും പ്രതിപക്ഷം റാഫേൽ എടുത്തിട്ടു. അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യവിളിയും തുടങ്ങി. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണണമെന്ന് തൃണമൂൽ അംഗം സൗഗത റായ് ആവശ്യപ്പെട്ടു. പത്രത്തിൽ വാർത്ത വന്നതിന് പ്രധാനമന്ത്രി ഉത്തരവാദിയാകില്ലെന്ന് സ്‌പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. വിഷയം ചെറുതല്ലെന്നും വാർത്ത പ്രസിദ്ധീകരിച്ചത് ഉത്തരവാദിത്വമുള്ള പത്രമാണെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രതിരോധമന്ത്രി മറുപടിപറഞ്ഞത്.
വസ്‌തുതകളുടെ ഒരു വശം മാത്രം വാർത്തയാക്കുന്നത് പത്രധർമ്മമല്ലെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. പ്രതിരോധ വകുപ്പിന്റെ ഒരു കുറിപ്പിൽ സെക്രട്ടറിയുടെ പരാമർശത്തിന് ശേഷം അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എഴുതിയ കാര്യങ്ങൾ വാർത്തയിൽ ഇല്ല. പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടതിൽ ആശങ്കപ്പെടാനില്ല. പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപാടിന്റെ തൽസ്ഥിതി ഇടയ്‌ക്കിടെ അന്വേഷിച്ചിരുന്നു. അതിനെ ഇടപെടലായി കാണാനാകില്ല. യു.പി.എ കാലത്ത് സോണിയാ ഗാന്ധിയുടെ ദേശീയ ഉപദേശക കൗൺസിൽ ആണ് യഥാർത്ഥ ഇടപെടൽ നടത്തിയത്. അന്ന് എൻ.എ.സിയാണ് പ്രധാനമന്ത്രിയുടെ ഒാഫീസിനെ നിയന്ത്രിച്ചിരുന്നത്. അന്നത്തേത് ഇടപെടൽ ആയിരുന്നോ. അത് പുറത്തു വന്നിരുന്നോ. വാർത്ത നൽകിയ പത്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഉദ്ദേശ്യം നന്നല്ല. റാഫേൽ സഭ ചർച്ച ചെയ്‌ത് തീർപ്പാക്കിയതാണ്. പ്രതിപക്ഷവും വാർത്ത നൽകിയ പത്രവും ചത്ത കുതിരയെ പ്രഹരിക്കുകയാണ്. പ്രതിരോധമന്ത്രിയുടെ വിശദീകരണത്തിനു ശേഷം സ്‌പീക്കർ മറ്റു നടപടികളിലേക്ക് കടന്നു.