ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വസ്തുതകളും നിയമവും ദേവസ്വം ബോർഡും സർക്കാരും മറച്ചു വച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് സുപ്രീംകോടതിയെ അറിയിച്ചു. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവതീപ്രവേശനത്തെ എതിർത്ത ദേവസ്വം ബോർഡ് പുനഃപരിശോധനാഹർജികൾ പരിഗണിക്കുമ്പോൾ നിലപാട് മാറ്റി. നിരവധി വസ്തുതകളും ബോർഡ് കോടതിയിൽ നിന്ന് മറച്ചുവച്ചെന്ന് എംപ്ലോയീസ് ഫ്രണ്ടിന് വേണ്ടി അഭിഭാഷകരായ രഞ്ജിത്ത് ബി.മാരാർ, ലക്ഷ്മി എൻ.കൈമൾ എന്നിവർ എഴുതിസമർപ്പിച്ച വാദത്തിൽ പറയുന്നു.
ദേവസ്വം ബോർഡിന്റെ ഭരണത്തിലോ സ്വത്തിലോ ഇടപെടാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല.1965ലെ കേരളഹിന്ദുമത ആരാധനാസ്ഥല പ്രവേശന ചട്ടം മൂന്ന് ബി ശബരിമല യുവതീ പ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ടതല്ല. തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ 1955ലും 56ലും പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് യുവതീ പ്രവേശനം നിയന്ത്രണം. 1950 ലെ തിരുവിതാംകൂർ കൊച്ചിൻ ഹിന്ദു റീലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരമാണ് ഈ വിജ്ഞാനം. അല്ലാതെ 1965ലെ ക്ഷേത്ര പ്രവേശന നിയമത്തിൻ കീഴിലല്ല. സംസ്ഥാന സർക്കാരോ ദേവസ്വംബോർഡ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല. ഇത് തെറ്റായ വിധിയിലേക്ക് നയിച്ചു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിയമങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. ശബരിമലയിൽ ദേവസ്വം ബോർഡിനാണ് അധികാരം. 1965ലെ നിയമത്തിലെ റൂൾ മൂന്ന് ബി പ്രകാരം മാസമുറക്കാലത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാൻ സ്ത്രീ ജീവനക്കാർക്ക് അഞ്ചു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാറുണ്ട്. ഈ വകുപ്പ് എടുത്തുകളഞ്ഞതിലൂടെ സ്ത്രീ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിരക്ഷ ഇല്ലാതായെന്നുമാണ് എംപ്ലോയീസ് ഫ്രണ്ടിന്റെ വാദം.