ന്യൂഡൽഹി: പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതി പ്രകാരം കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിന് കുമാർ ചൗബേ ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ എംപിയെ അറിയിച്ചു. ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിനായി 173.18 കോടി രൂപ വകയിരുത്തി. ഐ.സി.യു അടക്കം 279 ബെഡ് ഉൾപ്പെടുന്ന സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന്റെ നിർമ്മാണം, നൂതന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇതിലുൾപ്പെടും. 120 കോടി രൂപ കേന്ദ്ര സർക്കാരും 53.18 കോടി രൂപ സംസ്ഥാന സർക്കാരുമാണ് ചെലവിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ 195.93 കോടി രൂപയും തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാൾ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 230 കോടി രൂപയും ചെലവിടുമെന്നും മന്ത്രി അറിയിച്ചു.