congress-cpm-alliance

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ പരസ്‌പരധാരണ സംസ്ഥാനത്ത് തിരിച്ചടിയാകാതിരിക്കാൻ തന്ത്രങ്ങളുമായി സി.പി.എമ്മും കോൺഗ്രസും. ഇരുപാർട്ടികളുടെയും ബംഗാൾ മോഡൽ ബി.ജെ.പി പ്രചരണായുധമാക്കുമെന്ന് തീർച്ചയാണെന്നിരിക്കെ,​ സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ പരസ്‌പരം ശക്തമായ ആരോപണങ്ങളുന്നയിച്ച് മുഖം രക്ഷിക്കാനാണ് ഇരുകൂട്ടരും തമ്മിലെ ധാരണ. ഇന്നലെ ഡൽഹിയിലുണ്ടായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ‌ഷ്‌ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തന്ത്രാധിഷ്ഠിത വെടിപൊട്ടിക്കലിന് തുടക്കമിടുകയും ചെയ്തു.

ബംഗാളിൽ മമതയെയും ബി.ജെ.പിയെയും ഒന്നിച്ചെതിർക്കാൻ കോൺഗ്രസുമായി കൈകോർക്കുന്നതിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തന്നെ ഏകദേശ ധാരണയായിരുന്നു. കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള ധാരണയ്‌ക്ക് എതിരെ പി.ബി യോഗത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടിയേരിയും പിണറായിയും ഇന്നലത്തെ യോഗത്തിൽ മുൻ നിലപാടിൽ അയവു വരുത്തുകയായിരുന്നു. പി.ബി യോഗത്തിനു ശേഷം ബംഗാളിലെ ധാരണ പരസ്യമാക്കാതെ,​ യോജിച്ച കക്ഷികളുമായി സഹകരണമുണ്ടാകുമെന്ന് കോടിയേരി പൊതിഞ്ഞു പറയുകയും ചെയ്‌തു.

അതേസമയം,​ ഇന്നലെ ഡൽഹിയിൽത്തന്നെ ചേർന്ന പി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിനു ശേഷം, പത്രലേഖകരെ കണ്ട രമേശ് ചെന്നിത്തല,​ ബംഗാളിലെ സി.പി.എം ധാരണയുടെ കാര്യം പരസ്യമാക്കി. . പാർട്ടിയുടെ അന്തസു കളയാതെയുള്ള ധാരണയാകാമെന്ന് ബംഗാൾ പി.സി.സി അധ്യക്ഷൻ സോമൻ മിത്രയും പറഞ്ഞു.

എന്നാൽ,​ ബംഗാളിൽ ധാരണയ്‌ക്കുള്ള ഇരു കക്ഷികളുടെയും തീരുമാനത്തിനു ശേഷം മാധ്യമപ്രവർത്തകർക്കു മുന്നിൽ കോടിയേരിയും ചെന്നിത്തലയും അതിരൂക്ഷമായ രാഷ്‌ട്രീയ ആക്രമണമാണ് പരസ്‌പരം നടത്തിയത്. ബംഗാളിൽ വോട്ടിനായി സി.പി.എം കോൺഗ്രസിനു പുറകെ നടക്കുകയാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല,​ സംസ്ഥാന സർക്കാരിനെതിരെ അഴിമതിവിഷയം പ്രചരണമാക്കുമെന്നും പറഞ്ഞു. എൽ.ഡി.എഫ് മുന്നേറ്റം ഭയന്ന് കോ.ലി.ബി സംഖ്യത്തിനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് കോടിയേരിയും ആക്ഷേപിച്ചതോടെ,​ അണികളുടെ കണ്ണിൽ പൊടിയിടാൻ സംസ്ഥാന തലത്തിൽ ഇരുകൂട്ടരും പയറ്റാനിരിക്കുന്ന തന്ത്രം വെളിച്ചത്തായി. ബംഗാളിലേത് വെറും പ്രാദേശിക നീക്കുപോക്കെന്ന് വരുത്തിത്തീർക്കാൻ മറ്റു പ്രചാരണ വിഷയങ്ങൾക്ക് ഇരു കക്ഷികളും കൂടുതൽ പ്രാധാന്യം നൽകും.

കേരളത്തിൽ ഇരു പാർട്ടികളെയും വെട്ടിലാക്കും വിധം ബംഗാളിൽ അരിവാൾ ചുറ്റിക നക്ഷത്രവും കൈപ്പത്തിയും ഒന്നിച്ചുവച്ചുള്ള പ്രചരണം ഒഴിവാക്കണമെന്ന് ധാരണയുണ്ടെങ്കിലും,​ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ധാരണ പലേടത്തും തെറ്റിയിരുന്നു.സി.പി.എമ്മുമായുള്ള സഹകരണവും നീക്കുപോക്കുകളും ഏതു വിധത്തിൽ വേണമെന്ന് ചർച്ച ചെയ്യാൻ ബംഗാൾ പി.സി.സിക്ക് കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. അതേസമയം,​ കോൺഗ്രസുമായുള്ള ധാരണ സംബന്ധിച്ച് സി.പി.എം അന്തിമ തീരുമാനമെടുക്കുക മാർച്ച് 3,​ 4 തീയതികളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം ആയിരിക്കുമെന്ന് പി.ബി തീരുമാനങ്ങൾ വിശദീകരിച്ച ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ബംഗാളിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയായി തന്നെയായിരിക്കും മത്സരം. എന്നാൽ ബി.ജെ.പിയെയും തൃണമൂലിനെയും തോൽപിക്കാൻ ചില സീറ്റുകളിൽ കോൺഗ്രസുമായി സൗഹൃദ മത്സരത്തിന് സാധ്യത തേടുമെന്ന് യെച്ചൂരി വെളിപ്പെടുത്തിയപ്പോൾ,​ സി.പി.എമ്മിന് സാധ്യതയുള്ളിടങ്ങളിൽ കോൺഗ്രസ് സഹകരിക്കുമെന്ന് സോമൻ മിത്രയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത ശത്രുത പുലർത്തുന്ന സി.പി.എമ്മും കോൺഗ്രസും ബംഗാളിൽ തിരഞ്ഞെടുപ്പു ധാരണയിൽ ഏർപ്പെടുന്നതു സംബന്ധിച്ച് അണികളിലെ അസ്വസ്ഥതയും ആശയക്കുഴപ്പവും മയപ്പെടുത്താനുള്ള ശ്രമങ്ങളാകും വരും ദിവസങ്ങളിൽ ഇരുപക്ഷവും നടത്തുക.