sitaram-yechury
Sitaram Yechury

ന്യൂഡൽഹി: രണ്ടിലധികം തവണ മത്സരിച്ചവരെ ലോക്‌സഭാ സ്ഥാനാർത്ഥിത്വത്തിനു പരിഗണിക്കരുതെന്ന പൊതുനിലപാടു മാറ്റിവച്ച് ജയസാദ്ധ്യതയ്‌ക്ക് മുൻഗണന നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം,​ പ്രാദേശികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കുമെന്നും പി.ബി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.

രണ്ടു തവണയിൽ കൂടുതൽ പാർലമെന്റിലേക്ക് പരിഗണിക്കരുതെന്ന നിബന്ധന രാജ്യസഭയിൽ മാത്രം കർശനമാക്കിയാൽ മതിയെന്നാണ് പി.ബി യോഗത്തിൽ ഉയർന്ന നിർദ്ദേശം. ഒാരോ മണ്ഡലത്തിലെയും സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷം മാർച്ചിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലായിരിക്കും സ്ഥാനാർത്ഥികളെ സംബന്ധിച്ച ധാരണ.

നവോത്ഥാന മുദ്രാവാക്യം ഉയർത്തി 55 ലക്ഷം വനിതകളെ അണിനിരത്തിയ കേരളത്തിലെ വനിതാ മതിലും കൊൽക്കത്തയിൽ നടന്ന ബ്രിഗേഡ് റാലിയിലെ ജനപങ്കാളിത്തവും പി.ബി ചർച്ച ചെയ്തു. ദേശീയ തലത്തിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്തുകയാണ് ലക്ഷ്യം- യെച്ചൂരി പറഞ്ഞു.