congress-candidates-in-lo

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കില്ല. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച പി.സി.സി അധ്യക്ഷന്മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിൽ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം,​ സിറ്റിംഗ് എം.പിമാർക്ക് മുൻതൂക്കം നൽകുമമെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് 18-ന് ഉഭയകക്ഷി ചർച്ച നടത്തും. 25-നു മുമ്പ് ഹൈക്കമാമാൻഡിന് ചുരുക്കപ്പട്ടിക നൽകണം. അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ഈമാസം തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം സ്ഥാനാർത്ഥി വേണ്ടെന്ന് യോഗം തീരുമാനാനിച്ചതായും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജനമഹായാത്രയിൽ ആയതിനാൽ അദ്ദേഹത്തിനു പകരം രമേശും വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷുമാണ് യോഗത്തിൽ പങ്കെടുത്തത്. സ്ഥാനാർത്ഥി നിർണയത്തിൽ ജയസാദ്ധ്യതയ്‌ക്ക് ആദ്യപരിഗണന നൽകണമെന്ന് യോഗത്തിൽ ആവർത്തിച്ച രാഹുൽ ഗാന്ധി,​ താഴേത്തട്ടു മുതൽ പ്രവർത്തകരുടെ അഭിപ്രായം മാനിക്കണമെന്നും നിർദ്ദേശിച്ചു.

സിറ്റിംഗ് എം.എൽ.എമാർ പലരും ലോക്‌സഭാ സ്വപ്‌നവുമായി അണിയറനീക്കം സജീവമാക്കുന്നതിനിടയിലാണ് ആ വഴിയടച്ച് ഇന്നലത്തെ ഡൽഹി യോഗത്തിൽ രമേശ് നിലപാട് വ്യക്തമാക്കിയത്. അതേസമയം,​

ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ രാഹുൽ അന്തിമ തീരുമാനമെടുക്കും. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളത്തിൽ യു.ഡി.എഫിന് മുൻതൂക്കമുള്ളതായി യോഗം വിലയിരുത്തി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ രാഹുൽ ഗാന്ധി തൃപ്‌തി അറിയിച്ചതായി രമേശ് പറഞ്ഞു.

കേന്ദ്ര സർക്കാരിനെതിരെ റാഫേൽ വിമാന ഇടപാടിലെ അഴിമതി തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണായുധമാക്കാനാണ് യോഗ തീരുമാനം. കോൺഗ്രസിന്റെ 'യുദ്ധമുറി' (വാർ റൂം)​ എന്ന് അറിയപ്പെടുന്ന ഡൽഹി ഗുരുദ്വാരാ രകബ്ഗഞ്ച് റോഡിലെ 15-ാം നമ്പർ വസതിയിലായിരുന്നു യോഗം.