ന്യൂഡൽഹി: എം.എൽ.എമാരെ കോഴ നൽകി പാട്ടിലാക്കി കർണാടകയിലെ ജെ.ഡി.എസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തിയെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ജെ.ഡി.എസ് എം.എൽ.എയുടെ മകനുമായി പ്രതിപക്ഷ നേതാവ് ബി.എസ്. യെദ്യൂരൂപ്പ നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെയും പേരുകൾ പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രംഗത്തിറങ്ങിയത്.
എം.എൽ.എമാർക്ക് നൽകുമെന്ന് പറയുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണം. സുപ്രീംകോടതി ജഡ്ജിമാരെ പ്രധാനമന്ത്രിയും അമിത് ഷായും ചേർന്ന് സ്വാധീനിക്കുമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണെന്നും പറയണം. പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. മറുപടി നൽകാൻപ്രധാനമന്ത്രി ബാദ്ധ്യസ്ഥനാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ പുറത്തുവിട്ട ശബ്ദരേഖയിൽ എം.എൽ.എമാർക്ക് പത്തു കോടി രൂപ വീതമാണ് വാഗ്‌ദാനം ചെയ്യുന്നത്. കാര്യങ്ങൾ തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമാണെന്നും കൂറുമാറ്റ നിരോധ നിയമം പ്രകാരം കേസുണ്ടായാൽ സുപ്രീംകോടതിയിൽ അതു വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും ശബ്ദരേഖയിൽ യെദ്യൂരപ്പ പറയുന്നുണ്ട്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. കർണാടക സർക്കാർ അതെല്ലാം അതിജീവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ കേസിൽപ്പെടുത്താൻ എൻഫോഴ്സ്‌മെന്റുകാരെ അയച്ച കേന്ദ്ര സർക്കാർ കോഴപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്നില്ല. ജനുവരിയിൽ സ്വന്തം എം.എൽ.എമാരെ ഹരിയാനയിലെ റിസോർട്ടിൽ പൂട്ടിയിട്ട ശേഷം ഭരണപക്ഷത്തെ അംഗങ്ങളെ സ്വാധീനിക്കാൻ യെദ്യൂരപ്പ സമാന നീക്കം നടത്തിയെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ആരോപണം:
- ജെ.ഡി.എസ് എം.എൽ.എയുടെ മകനുമായി ബി.എസ്. യെദിയൂരപ്പ നടത്തിയെന്നു പറയുന്ന ഫോൺ സംഭാഷണം (പുറത്തു വിട്ടത് മുഖ്യമന്ത്രി കുമാരസ്വാമി)
-18-20 എം.എൽ.എമാർക്ക് 10 കോടി വാഗ്‌ദാനം ചെയ്യുന്നു. നിയമസഭയിലെ സഹായത്തിന് സ്‌പീക്കർക്ക് 50കോടി നൽകുമെന്ന്. കൂറുമാറുന്ന എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം, ബോർഡ്, കോർപറേഷൻ അദ്ധ്യക്ഷ സ്ഥാനവും ഉറപ്പ്.
-ഭരണഘടനാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള കേസുവന്നാൽ സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ഇടപെടും