ന്യൂഡൽഹി: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചർച്ച നടത്തിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ വിഷയം വീണ്ടും സുപ്രീംകോടതിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഫ്രഞ്ച് സർക്കാരുമായുള്ള ചർച്ചകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന വിവരം ചൂണ്ടിക്കാട്ടിയാകും കേസ് നൽകുക.

കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചതനുസരിച്ച് റാഫേൽ ഇടപാടിൽ ജനറൽ സ്‌റ്റീഫൻ റെബിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സംഘവുമായി ചർച്ച നടത്തിയത് വ്യോമസേനാ ഉപമേധാവി എയർമാർഷൽ എസ്.ബി.പി സിൻഹയുടെ ഏഴംഗ സംഘമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന് ചർച്ചയിൽ പങ്കുള്ളതായി പരാമർശമില്ല. എന്നാൽ മോദിയുടെ ഒാഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഉപദേഷ്‌ടാവ് ലൂയി വാസിയുമായി സമാന്തര ചർച്ച നടത്തിയെന്ന പുതിയ വെളിപ്പെടുത്തൽ കോടതിയുടെ മുമ്പാകെ കൊണ്ടുവരാനാണ് നീക്കം.

നേരത്തെ റാഫേൽ ഇടപാട് കേസിൽ കേന്ദ്ര സർക്കാരിന് ക്ളീൻ ചിറ്റ് നൽകിയിരുന്നു. അന്ന് കോടതിയുടെ മുമ്പാകെ വന്ന രേഖകളിൽ സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയതാണ്. ഇക്കാര്യത്തിലും കോടതിയിൽ പുതിയ വിവരങ്ങൾ നൽകാനാകുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ സഹായവും ഇക്കാര്യത്തിൽ ലഭിക്കുമെന്നുറപ്പാണ്. പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് പോലുള്ള സംഘടനകൾ വഴിയാകും കേസ് നൽകുക.