priyanka-gandhi

ന്യൂഡൽഹി: പുത്തൻ പെയിന്റിലും തോരണങ്ങളിലും മുങ്ങിയ പുതുമോടിയിൽ നെഹ്രു ഭവൻ ആഴ്‌ചകളായി കാത്തിരുന്നത് ഇന്നത്തെയൊരു നിമിഷത്തിനാണ്. യു.പിയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു തേർ തെളിക്കാൻ ഇന്ന് പ്രിയങ്ക വരും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും രാഹുലിനും സോണിയയ്‌ക്കും വേണ്ടി പ്രചാരണത്തിന് പ്രിയങ്ക ഉണ്ടായിരുന്നെങ്കിലും ഈ വരവ് അങ്ങനെയല്ല. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായുള്ള ആദ്യ വരവ്.

ജ്യേഷ്‌ഠൻ രാഹുൽ ഗാന്ധിയും,​ പടിഞ്ഞാറൻ യു.പിയുടെ ചുതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുമുണ്ട് കൂടെ. വിമാനത്താവളം മുതൽ ലക്‌നൗവിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ആയ നെഹ്രു ഭവൻ വരെ തുറന്ന വാഹനത്തിൽ റോഡ് ഷോ. പന്ത്രണ്ടു കിലോമീറ്റർ ദൂരത്തെ റോഡ് ഷോയ്‌ക്കിടെ മുപ്പത്തിയഞ്ചോളം കേന്ദ്രങ്ങളിൽ സ്വീകരണം.

വഴിനീളെ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിച്ച ബാനറുകൾ. മഹാത്മാ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും പ്രതിമകളിൽ പുഷ്‌പഹാരാർപ്പണത്തിനു ശേഷമായിരിക്കും നെഹ്രു ഭവനിൽ,​ തനിക്കായി ഒരുക്കിയ മുറിയിലേക്ക് പ്രിയങ്കയുടെ പ്രവേശനം.

നാലു ദിവസമാണ് പ്രിയങ്ക ലക്‌നൗവിൽ ഉണ്ടാവുക. നാളെ മുതൽ വ്യാഴാഴ്‌ച വരെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി ഓഫീസിൽ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക കോൺഗ്രസ് നേതാക്കളും എം.പിമാരും മറ്റും ഇരുവരുമായും സംവദിക്കും.സംസ്ഥാന ഓഫീസിൽ പുതിയ മീഡിയ റൂം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ബി.എസ്.പിയും എസ്.പിയും സഖ്യമുണ്ടാക്കിയതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റ‌യ‌്ക്കു നേരിടേണ്ടിവരുന്ന കോൺഗ്രസിന് പ്രിയങ്കയുടെ വരവ് ഊ‌ർജ്ജം പകരുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.ബി.ജെ.പി എം.എൽ.എ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഉന്നാവയിൽ നിന്നായിരിക്കും പ്രിയങ്കയുടെ പ്രചാാരണത്തിന് തുടക്കം.

പ്രിയങ്കയ്ക്ക് 42,​ സിന്ധ്യയ്ക്ക് 38

യു.പിയുടെ കിഴക്ക്- പടിഞ്ഞാറ് മേഖലകളിൽ പ്രിയങ്കയ്‌ക്കും സിന്ധ്യയ്‌ക്കും മണ്ഡലങ്ങൾ വിഭജിച്ചു നൽകി എത്രയും വേഗം പ്രചാരണം സജീവമാക്കാനാണ് കോൺഗ്രസ് നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണസി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻന്റെ ഗൊരഖ്പുർ, കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലി, അമേഠി എന്നിവ ഉൾപ്പെടെ 42 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക വഹിക്കുക. കാൺപൂർ മുതൽ ഗാസിയാബാദ് വരെ 38 മണ്ഡലങ്ങളിലെ പ്രചാരണത്തിന് സിന്ധ്യ നേതൃത്വം നൽകും.
വാരണസി,​ ഗൊരഖ്പൂർ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും.