ന്യൂഡൽഹി: റാഫേൽ കരാറിൽ ഇന്ത്യൻ താത്പര്യത്തെ ദുർബലമാക്കുന്ന വിധം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണം ശക്തമായിരിക്കെ, ഇടപാട് സംബന്ധിച്ച നിർണായക റിപ്പോർട്ട് സി.എ.ജി ഇന്ന് സമർപ്പിച്ചേക്കും. റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്കും കേന്ദ്രസർക്കാരിനും കൈമാറുമെന്നാണ് പേരു വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതി രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കർക്കും കൈമാറും.റിപ്പോർട്ട് ബുധനാഴ്‌ചയോടെ പാർലമെന്റിൽ വയ്‌ക്കുമെന്ന് സൂചനയുണ്ട്. റാഫേൽ മാത്രമല്ല, മറ്റ് പ്രതിരോധ ഇടപാടുകളെക്കുറിച്ചും റിപ്പോർട്ടിലുണ്ടെന്നാണ് കരുതുന്നത്. പാർലമെന്റിൽ വച്ചതിനു ശേഷം സൂക്ഷ്‌മ പരിശോധനയ്ക്കായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു നൽകും.

ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലെ വിലയിലുൾപ്പെടെ നടപടികളിൽ എന്തെങ്കിലും ക്രമക്കേട് പരാമർശം സി.എ.ജി റിപ്പോർട്ടിലുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാകും. ഇതു ചൂണ്ടിക്കാട്ടി റാഫേൽ അഴിമതി ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ശക്തമാക്കും. അതേസമയം കേന്ദ്രസർക്കാരിന് ക്ലീൻചിറ്റാണ് റിപ്പോർട്ടെങ്കിൽ, കാവൽക്കാരൻ കള്ളനെന്ന് ആവർത്തിച്ച് മോദിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മിനുക്കിക്കൊണ്ടുവന്ന പ്രചാരണ ആയുധത്തിന് മുനയൊടിയും. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടമാവുകയും ചെയ്യും.

സി.എ.ജിക്കെതിരെ കോൺഗ്രസ്

 2015 ഏപ്രിലിൽ പ്രധാനമന്ത്രി മോദി റാഫേൽ ഇടപാട് പ്രഖ്യാപിക്കുമ്പോൾ ധനകാര്യ സെക്രട്ടറിയായിരുന്ന സി.എ.ജി രാജീവ് മെഹർഷി ഇടപാടിനെക്കുറിച്ച് പരിശോധിക്കുന്നത് എങ്ങനെ?​

 റാഫേൽ ഇടപാട് സംബന്ധിച്ച കൂടിയാലോചനകളിൽ പങ്കെടുത്തയാളാണ് മെഹർഷി. റിപ്പാർട്ട് സമർപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം പിൻമാറണം.

 2017 സെപ്തംബർ 25നാണ് രാജീവ് മെഹർഷി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി ചുമതലയേറ്റത്.

2014 ഒക്ടോബർ മുതൽ 2015 ഓഗസ്റ്റ് വരെ ധനകാര്യ സെക്രട്ടറി ആയിരുന്നു