ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ സ്വകാര്യതയുൾപ്പെടെ ഇന്ത്യൻ പൗരന്മാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികളിൽ പാർലമെൻറ് സമിതിക്ക് മുൻപാകെ ഹാജരാകാൻ ട്വിറ്റർ അസൗകര്യമറിയിച്ചതിനെതിരെ ബി.ജെ.പി. സമിതിക്കു മുമ്പാകെ ട്വിറ്റർ സി.ഇ.ഒ ഹാജരായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ഐ.ടികാര്യ പാർലമെൻററിസമിതി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ് താക്കൂർ വ്യക്തമാക്കി. ട്വിറ്ററിന്റെ നടപടി പാർലമെന്റിന്റെ അവകാശത്തെ ഹനിക്കുന്നതാണ്. ട്വിറ്ററിന്റെ മറുപടി ചർച്ച ചെയ്ത് ആവശ്യമായ നടപടി സമിതി സ്വീകരിക്കും. അദ്ദേഹം അറിയിച്ചു.

പാർലമെന്റിനൊടുള്ള അവഹേളനമാണ് ട്വിറ്ററിൻറെ നടപടിയെന്ന് ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി ആരോപിച്ചു. ഏത് ഏജൻസിയായാലും എല്ലാ രാജ്യങ്ങളിലെയും സ്ഥാപനങ്ങളോട് ബഹുമാനം കാണിക്കണം. അനാദരവ് കാട്ടിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ലേഖി പറഞ്ഞു. വിഷയത്തിൽ അടുത്ത നടപടി കീഴ്വഴക്കംപോലെ രാജ്യസഭ ചെയർമാനും ലോക്സഭ സ്പീക്കറും ചേർന്ന് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

ഇന്ന് പാർലമെൻറ് സമിതിക്ക് മുൻപാകെ ഹാജരാകണമെന്നായിരുന്നു ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് അമേരിക്കയിൽനിന്ന് നേരിട്ടെത്തി ഹാജരാകാനാകില്ലെന്ന് സി.ഇ.ഒ ജാക്ക് ഡോഴ്സി അറിയിക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയിലെത്തിയ ജാക്ക് ഡോഴ്സി പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.