ന്യൂഡൽഹി: കൊടുവള്ളി മണ്ഡലത്തിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉപധികളോടെ സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ ശമ്പളമുൾപ്പെടെ ആനുകൂല്യങ്ങൾ കിട്ടില്ല. വോട്ടവകാശവുമില്ല. കാരാട്ട് റസാഖ് നൽകിയ അപ്പീലിലാണ് ഉത്തരവ്.
മുഴുവൻ കക്ഷികൾക്കും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദിരബാനർജി എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചു. അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിംലീഗിലെ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ കേസിലും കോടതി സമാന ഉപാധികളോടെയാണ് സഭാനടപടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖിനെ അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയാണ് ജനുവരി 17ന് ഹൈക്കോടതി കൊടുവള്ളിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. കിഴക്കോത്ത് പഞ്ചായത്തംഗമായിരിക്കെ ഭവന സഹായ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ എം.എ. റസാഖിന് പങ്കുണ്ടെന്ന് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. 573 വോട്ടുകൾക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്.