supreme-court

ന്യൂഡൽഹി: സംസ്ഥാനതലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിർവചിക്കണമെന്ന ആവശ്യം സുപ്രീംകോടതി ദേശീയ ന്യൂനപക്ഷകമ്മിഷന് വിട്ടു. ഈ ആവശ്യവുമായി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാദ്ധ്യായ നൽകിയ അപേക്ഷയിൽ സാദ്ധ്യമെങ്കിൽ മൂന്നുമാസത്തിനുള്ളിൽ തന്നെ തീരുമാനമെടുക്കണമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

സംസ്ഥാനതലത്തിൽ മതപരവും ഭാഷാപരവുമായ ന്യൂനപക്ഷ വിഭാഗങ്ങളെ കണ്ടെത്തണമെന്ന ആവശ്യവുമായി 2017ൽ അശ്വനികുമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ന്യൂനപക്ഷ കമ്മിഷന് മുന്നിൽ ഉന്നയിക്കാൻ അന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ അപേക്ഷ നൽകി 15 മാസം കഴിഞ്ഞിട്ടും കമ്മിഷനിൽ നിന്ന് ഒരുപ്രതികരണവുമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അശ്വനികുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാനതല പ്രാതിനിധ്യം കണക്കിലെടുത്ത് ന്യൂനപക്ഷങ്ങളെ നിർവചിക്കണം. ഇതിനായി 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ആക്ട് റദ്ദാക്കണം.സംസ്ഥാനതലത്തിൽ ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിന് മാർഗനിർദ്ദേശം പുറപ്പെടുവിക്കണം. എന്നിവയാണ് അശ്വിനികുമാറിന്റെ ആവശ്യം. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം യഥാർത്ഥ ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഹർജിയിൽ പറയുന്നു.