-പരാതിപ്പെടാൻ ഫോൺ നമ്പരും ഇമെയിൽ വിലാസവും
ന്യൂഡൽഹി: പ്രേക്ഷകന് ഇഷ്‌ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനുള്ള ഉത്തരവ് അട്ടിമറിക്കുന്ന വിധത്തിൽ ബേസ് പാക്കേജുകൾ അടിച്ചേൽപ്പിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി ഡി.ടി.എച്ച് ഒാപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി. നൂറ് സൗജന്യ ചാനലുകൾ പ്രേക്ഷകന്റെ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഡി.ടി.എച്ചുകാർ നൽകുന്ന ബേസ് പാക്കേജുകൾ നൽകി അട്ടിമറിക്കുന്നതായി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. പ്രേക്ഷകന് ആവശ്യമുള്ള അധിക ചാനലുകൾ ബേസ് പാക്കേജിനൊപ്പം ചേർക്കുന്ന രീതിയാണ് ചില ഒാപ്പറേറ്റർമാർ ചെയ്യുന്നത്.
ബേസ് പാക്കേജിൽ 25 സർക്കാർ ചാനലുകൾ ഒഴികെ ഏതൊക്കെ ചാനൽ വേണമെന്ന് തീരുമാനിക്കാൻ പ്രേക്ഷകനും അവസരം നൽകണമെന്ന് പുതിയ ഉത്തരവിൽ ട്രായ് വ്യക്തമാക്കി. പ്രേക്ഷകരുടെ പരാതികളും സംശയങ്ങളും പരിഹരിക്കാൻ കോൾ സെന്റർ സേവനങ്ങൾ ലഭ്യമാക്കാനും നിർദ്ദേശമുണ്ട്. അവിടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ 0120-6898689 എന്ന ട്രായ് കോൾ സെന്റർ നമ്പരിൽ വിളിക്കുകയോ das@trai.gov.in എന്ന ഇമെയിൽ വിലാസത്തിൽ പരാതി നൽകുകയോ ചെയ്യാം.