rafale-scam

ന്യൂഡൽഹി: പ്രധാനമന്ത്രി ഫ്രാൻസിൽ റാഫേൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് മുൻപ് റിലയൻസ് മേധാവി അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നിർണായക വിവരങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തു വിട്ടു. അനിൽ അംബാനിക്ക് ഒാഫ്സെറ്റ് കരാർ ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.

വിഷയം ഏറ്റെടുത്ത കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി റാഫേൽ ഇടപാടിൽ അനിൽ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായി പ്രധാനമന്ത്രി മോദി പ്രവർത്തിച്ചെന്ന് ആരോപിച്ചു. അനിൽ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് തെളിയിക്കുന്ന ഇ - മെയിലിന്റെ പകർപ്പും രാഹുൽ പുറത്തുവിട്ടു.

2015 ഏപ്രിൽ 9ന് തുടങ്ങിയ ഫ്രഞ്ച് പര്യടനത്തിലാണ് പ്രധാനമന്ത്രി 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചത്. അതിന് പത്തു ദിവസം മുൻപേ ഫ്രാൻസിൽ എത്തിയ അനിൽ അംബാനി മുൻ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീയാൻ വെസ് ലെഡ്രിയാനെ പാരീസിലെ ഒാഫീസിൽ കണ്ട് ചർച്ച നടത്തി. ലെഡ്രിയാന്റെ പ്രത്യേക ഉപദേഷ്‌ടാവ് ജിയാൻ ക്ളോദ് മാലെ, വ്യവസായ ഉപദേശകൻ ക്രിസ്റ്റോഫെ സോളോമൻ, സാങ്കേതിക ഉപദേഷ്‌ടാവ് ജെഫ്രി ബൊക്കോ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ക്രിസ്റ്റോഫെ സോളോമനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദീകരിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർബസിന്റെ പ്രതിനിധി നിക്കോളാസ് ചാമൂസി 2015 മാർച്ച് 28ന് അയച്ച ഇ - മെയിലിലാണ് ചർച്ചയെക്കുറിച്ച് പറയുന്നത്. അതിന്റെ ഉള്ളടക്കം ഇങ്ങനെ:

''അനിൽ അംബാനി കഴിഞ്ഞ ഈഴ്‌ച ഫ്രഞ്ച് മന്ത്രിയുടെ ഒാഫീസ് സന്ദർശിച്ചു. പെട്ടെന്നുള്ള യോഗം രഹസ്യമായി ആസൂത്രണം ചെയ്‌തതാണെന്ന് കരുതാമല്ലോ. അയാൾക്ക് എയർബസ് ഹെലികോപ്‌ടറിൽ വാണിജ്യപരമായും പ്രതിരോധപരമായും താത്‌പര്യമുണ്ടെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത്
ഒപ്പിടാനുള്ള കരാർ തയ്യാറായി വരികയാണെന്നും പറഞ്ഞു.

യോഗ്യതയുള്ള പാർട്‌ണർമാർ വേറെയും ഉണ്ടെന്നും എങ്കിലും കാര്യങ്ങൾ പരിശോധിക്കാമെന്നും നമ്മുടെ ഭാഗം വിശദീകരിച്ചു .''

പ്രധാനമന്ത്രി മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദും പ്രഖ്യാപിച്ച പ്രതിരോധ കരാറിനെക്കുറിച്ച് പത്തു ദിവസം മുൻപേ അനിൽ അംബാനിക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഫ്രാൻസിൽ പ്രധാനമന്ത്രിക്കൊപ്പം അനിൽ അംബാനിയുണ്ടായിരുന്നു. ഒാഫ്സെറ്റ് കരാർ ലഭിച്ച അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് എന്ന കമ്പനിക്ക് രൂപം നൽകുന്നത് 2015 മാർച്ച് 28നാണ്. അതായത് റാഫേൽ കരാർ ഒപ്പിടുന്നതിന് ഒരാഴ്‌ച മുൻപ് മാത്രം.