fire

കൊച്ചി: ഡൽഹി കരോൾബാഗിലെ ഹോട്ടലിൽ ഇന്നലെ അതിരാവിലെയുണ്ടായ തീപിടിത്തത്തിൽ മരിച്ച ചേരാനല്ലൂർ സ്വദേശി നളിനി അമ്മളും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം,​ പുലർച്ചെ എഴുന്നേറ്റത് ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിനു പോകാനായിരുന്നു. 6.45- നായിരുന്നു ട്രെയിൻ. ഉണർന്നെഴുന്നേല്‌ക്കുന്നത് ഒരു മഹാദുരന്തത്തിനു നടുവിലേക്കായിരിക്കുമെന്ന് അവർ ഒരു ദു:സ്വപ്‌നത്തിൽപ്പോലും ഓർത്തിരിക്കില്ല.

ഗാസിയാബാദിൽ,​ നളിനി അമ്മയുടെ സഹോദരി ഉമയുടെ ചെറുമകൾ പല്ലവിയുടെ വിവാഹം കഴി‍‍ഞ്ഞ എട്ടിനായിരുന്നു. ചേരാനല്ലൂരിൽ നിന്ന് നളിനി അമ്മയ്‌ക്കും മക്കൾ വിദ്യാസാഗർ,​ ജയശ്രീ എന്നിവർക്കൊപ്പം ആലുവ. ചോറ്റാനിക്കര എന്നിവിടങ്ങളിൽ നിന്നായി പത്ത് ബന്ധുക്കളും തലേന്നുതന്നെ ഡൽഹിയിൽ എത്തിയിരുന്നു.വിവാഹം കഴിഞ്ഞ്,​ ആഗ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച സംഘം കരോൾ ബാഗിലെ അർപിത് പാലസ് ഹോട്ടലിൽ മുറിയെടുത്തത് 10-നു വൈകുന്നേരം. ഹരിദ്വാറും അമൃത്സറും സന്ദർശിച്ച് 17-ന് കൊച്ചിക്ക് മടങ്ങാനായിരുന്നു പദ്ധതി. ജയശ്രീയുടെ മകൻ കഴി‌ഞ്ഞദിവസം മുംബയിലേക്ക് മടങ്ങിയിരുന്നു.

പ്രായാധിക്യം കാരണം വീൽ ചെയറിലായിരുന്ന നളിനി അമ്മയ്‌ക്ക് തീപിടിത്തത്തിനിടെ ഓടി രക്ഷപ്പെടാൻ സാധിക്കാത്തതുകൊണ്ട് മക്കൾ മുറിയിൽത്തന്നെ നില്ക്കുകയായിരുന്നു. ഇവർക്കു പുറമേ,​

വിദ്യസാഗറിന്റെ ഭാര്യ മാധുരി, മകൻ വിഷ്ണു, നളിനി അമ്മയുടെ മകനും തൃപ്പൂണിത്തുറ എൽ.എെ.സി ഓഫീസിലെ അസി. മാനേജരുമായ സോമശേഖരൻ, ഭാര്യ ബീന, നളിനിയുടെ മകൾ സുധ, ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കർ, കുടുംബാംഗമായ സരസ്വതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേരാനല്ലൂരിലെ തറവാട്ടു വീട്ടിൽ മകൾ സുധയ്ക്കും ഭർത്താവ് സുരേന്ദ്രനും ഒപ്പമായിരുന്നു നളിനി അമ്മ താമസിച്ചിരുന്നത്

ഇന്നലെ പുലർച്ചെ ഉണർന്നപ്പോൾത്തന്നെ മുറിയിൽ കനത്ത പുക നിറഞ്ഞിരുന്നതായി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ശ്രീകേഷ് പറഞ്ഞു. ശ്രീകേഷും അമ്മ സരസ്വതിയും അച്ഛൻ വിജയകുമാറും ഒരേ മുറിയിലായിരുന്നു. മുറി തുറക്കാൻ സാധിക്കാതിരുന്നപ്പോൾ ജനലുകൾ തുറന്നിട്ടു. ഫയർഫോഴ്സിലേക്ക് വിളിച്ചപ്പോൾ അവർ പുറപ്പെട്ടതായി അറിയിച്ചു. ജനൽച്ചില്ലുകൾ തകർത്താണ് ഹോട്ടൽ ജീവനക്കാർ തങ്ങളെ പുറത്തെത്തിച്ചതെന്നും ശ്രീകേഷ് പറഞ്ഞു.