ന്യൂഡൽഹി:കോടതിയലക്ഷ്യ കേസിൽ സി.ബി.ഐ മുൻ ഇടക്കാല ഡയറക്ടർ എം.നാഗേശ്വരറാവുവിനെയും സി.ബി.ഐ അഭിഭാഷകൻ എസ്.ഭാസുരനെയും സുപ്രീംകോടതി ഒരു ലക്ഷം രൂപ വീതം പിഴയ്ക്കും കോടതിപിരിയും വരെ കോടതിമുറിയിൽ തുടരാനും ശിക്ഷിച്ചു.
പിഴയടക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ബീഹാറിലെ കുപ്രസിദ്ധമായ ഷെൽട്ടർ ഹോം പീഡനകേസുകൾ അന്വേഷിച്ചിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥൻ എ.കെ ശർമ്മയെ കോടതിയുടെ അനുമതിയില്ലാതെ സ്ഥലംമാറ്റിയതിനാണ് ഇരുവർക്കുമെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തത്. പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച മുസഫർപുർ ഷെൽട്ടർ ഹോം കേസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കുന്ന എ.കെ ശർമ്മയെ കോടതിയുടെ മുൻകൂർ അനുമതി കൂടാതെ സ്ഥലംമാറ്റരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരിവിട്ടിരുന്നു. അതേസമയം ശർമ്മയുടെ സ്ഥലംമാറ്റം കോടതി റദ്ദാക്കിയില്ല.
സംഭവത്തിൽ റാവുവും ഭാസുരനും നൽകിയ മാപ്പപേക്ഷയിൽ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നതായി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്മാരായ എൽ.നാഗേശ്വരറാവു ,സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.ശർമ്മയെ സ്ഥലംമാറ്റരുതെന്ന കോടതി ഉത്തരവ് റാവുവിന് അറിയാമായിരുന്നു. എന്നിട്ടും ജനുവരി 18ന് സ്ഥലംമാറ്റൽ ഉത്തരവിറക്കി. ഇത് കോടതിയലക്ഷ്യമല്ലാതെ മറ്റെന്താണെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു.
ബോധപൂർവം ചെയ്തതല്ലെന്നും ഇരുവരും നിർവ്യാജം മാപ്പപേക്ഷിച്ചിട്ടുണ്ടെന്നും നടപടി ഒഴിവാക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അപേക്ഷിച്ചു. സി.ബി.ഐയിലെ അഡിഷണൽ ഡയറക്ടറായ റാവുവിന്റെ കരിയറിനെ കോടതി നടപടി സാരമായി ബാധിക്കും. തെറ്റ് മനുഷ്യസഹചമാണെന്നും പൊറുക്കുക ദൈവികമാണെന്നുമുള്ള ചൊല്ലും അറ്റോർണി പറഞ്ഞു. കോടതിയുടെ അന്തസും മഹത്വവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കോടതിയോടുള്ള അനാദരവ് പ്രകടമാണ്. കോടതിയലക്ഷ്യ കുറ്റം ചെയ്തവരെ സർക്കാർ ചെലവിൽ പ്രതിരോധിക്കുന്നത് എന്തിനാണെന്നും ബെഞ്ച് ചോദിച്ചു.
ശിക്ഷ പിഴയിലൊതുക്കണമെന്ന് അറ്റോർണി ആവശ്യപ്പെട്ടു. ഇരുവരും വീണ്ടും മാപ്പ് അപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കോടതി സമയം കഴിയുംവരെ ചീഫ്ജസ്റ്റിസിന്റെ കോടതിയിൽ തുടരാനും ഇരുവരോടും നിർദ്ദേശിച്ചു. ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഉച്ചയ്ക്ക്ശേഷം അറ്റോർണി ജനറൽ വീണ്ടും സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.