ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടിന്റെ വിവാദങ്ങൾക്കിടെ സേനയ്‌ക്ക് അത്യാധുനിക സിഗ് 716 അസോൾട്ട് റൈഫിളുകളും കാർബൈനുകളും വാങ്ങാനുള്ള 3,547കോടി രൂപയുടെ ഇടപാടിൽ കേന്ദ്ര സർക്കാരും യു.എസ് കമ്പനിയായ സിഗ് സൗവറും ഒപ്പിട്ടു. ഇടപാടിന് പ്രതിരോധമന്ത്രാലയത്തിന്റെ ഡിഫൻസ് അക്വസിഷൻ കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു. കരാർ പ്രകാരം 72,400 അസോൾട്ട് റൈഫിളുകളും 93,895 കാർബൈനുകളുമാണ് ലഭിക്കുക. ഒരു കൊല്ലത്തിനുള്ളിൽ ലഭിക്കുന്ന അസോൾട്ട് റൈഫിളുകളിൽ കരസേനയ്‌ക്ക് 6.400, നാവിക സേനയ്‌ക്ക് 2,000 വ്യോമസേനയ്‌ക്ക് 4,000 എന്ന തോതിൽ വിതരണം ചെയ്യും. ഇന്ത്യൻ നിർമ്മിത ഇൻസാസ് റൈഫിളുകൾക്ക് പകരം വൈകാതെ 3.5 കിലോ ഭാരം മാത്രമുള്ള സിഗ് 716 അസോൾട്ട് റൈഫിളുമേന്തിയാകും സൈനികർ ഇറങ്ങുക.