ന്യൂഡൽഹി:പൂർണസജ്ജമായ 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മോദി സർക്കാരിന്റെ കരാർ യു.പി.എ കരാരിനേക്കാൾ മികച്ചതാണെന്ന വാദം പൊളിച്ച്, പ്രതിരോധമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജനകുറിപ്പ് ഹിന്ദു ദിനപത്രം പുറത്തുവിട്ടു.
വിലയിലോ, വിമാനം ഇന്ത്യയ്‌ക്ക് നൽകാനുള്ള സമയപരിധിയിലോ യു.പി.എ കരാറിനേക്കാൾ മെച്ചമല്ല പുതിയ കരാറെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. ഫ്രഞ്ച് സംഘവുമായി ചർച്ചനടത്തിയ ഏഴംഗ ഇന്ത്യൻ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിംഗ് , ഫിനാൻഷ്യൽ മാനേജർ എ.ആർ സുലെ, ജോയിൻറ് സെക്രട്ടറിയും അക്വിസിഷൻ മാനേജരുമായ രാജീവ് വർമ്മ എന്നിവരാണ് പുതിയ കരാറിനോട് വിയോജിച്ചത്. 2016 സെപ്തംബറിൽ ഇന്ത്യയും ഫ്രാൻസും അന്തിമ ഒപ്പിടുന്നതിന് മൂന്നുമാസം മുൻപാണ് പ്രതിരോധമന്ത്രാലയത്തിന് ഇവർ കുറിപ്പ് കൈമാറിയത്.
വില കൂടുതൽ
വിമാനങ്ങൾക്ക് തീരുമാനിച്ച വിലയേക്കാൾ 55.6 ശതമാനം കൂടുതലാണ് കരാറിലെ വില. കോൺഗ്രസ് കാലത്ത് ലഭിച്ച ക്വട്ടേഷനെക്കാളും 5.3 ശതമാനം കൂടുതലാണിത്. റാഫേലിനെ കൂടാതെ കരാറിന് യോഗ്യത നേടിയ യൂറോഫൈറ്റർ ഇതിലും കുറഞ്ഞവിലയാണ് വാഗ്ദാനം ചെയ്‌തത്.
സമയപരിധി കൂടുതൽ, വ്യവസ്ഥകളിൽ ആശങ്ക
യു.പി.എ ധാരണപ്രകാരം ആദ്യ 18 വിമാനങ്ങൾ കൈമാറാനുള്ള സമയപരിധിയേക്കാൾ കൂടുതലാണ് പുതിയ കരാറിൽ 18 വിമാനങ്ങൾ ലഭിക്കാനുള്ള സമയപരിധി. എൻ.ഡി.എ സർക്കാരിന്റെ കരട് കരാറിൽ സമയപരിധി 37 - 60 മാസമാണെങ്കിൽ അന്തിമകരാറിൽ ഇത് 37 - 67 മാസമായി. യു.പി.എ ധാരണയിൽ ആദ്യ 18 വിമാനങ്ങൾ 36 - 48 മാസം കൊണ്ട് ലഭിക്കുമെങ്കിൽ പുതിയ കരാറിൽ 18 വിമാനങ്ങൾ ലഭിക്കാൻ 36 - 53 മാസം വേണം. ഒരു വർഷം എട്ടു വിമനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയാണ് ദസോ കമ്പനിക്കുള്ളത്. വിവിധ രാജ്യങ്ങൾക്ക് 83 വിമനങ്ങൾ കൊടുക്കാനുണ്ട്. അതിനാൽ കൃത്യസമയത്ത് വിമാനങ്ങൾ കിട്ടുമെന്ന് ഉറപ്പാക്കാൻ ദസോയിൽ നിന്ന് ബാങ്ക് ഗാരൻറി വാങ്ങണമെന്നായിരുന്നു നിർദ്ദേശം.
കരാർ ലംഘനമുണ്ടായാൽ ഫ്രഞ്ച് സർക്കാരിന് നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കുന്ന സോവറിൻ ഗാരൻറിയോ, അല്ലെങ്കിൽ ബാങ്ക് ഗാരൻറിയോ വാങ്ങുന്നതിന് പകരം ദസോ കരാർ നിറവേറ്റുമെന്ന ഫ്രഞ്ച് സർക്കാരിന്റെ കത്ത് (ലെറ്റർ ഒഫ് കംഫർട്ട് ) മാത്രം സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥർ ആശങ്ക രേഖപ്പെടുത്തി
പൊളിയുന്നത് കേന്ദ്രസർക്കാർ വാദം
യു.പി.എ കാലത്തേക്കാൾ മികച്ച വ്യവസ്ഥകളുള്ളതാണ് പുതിയ കരാറെന്നും പൂർണസജ്ജമായ യുദ്ധവിമാനം വേഗത്തിൽ ലഭിക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. സുപ്രീംകോടതിയിലും ഈ വാദമാണ് കേന്ദ്രം ഉന്നയിച്ചത്. ഇത് പൊളിക്കുന്നതാണ് ഉദ്യോഗസ്ഥരുടെ വിയോജനകുറിപ്പ്.