ന്യൂഡൽഹി: വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോദിസർക്കാരിന്റെ തത്വശാസ്ത്രമെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം രാജ്യത്തിന് അസാധാരണമായ സാമ്പത്തിക സാമൂഹ്യ പിരിമുറക്കത്തിന്റേതായിരുന്നെന്നും നമ്മുടെ ജനാധിപത്യ, മതേതര രാഷ്ട്രത്തിന്റെ അടിത്തറ ആസൂത്രിതമായി മോദി സർക്കാർ ആക്രമിച്ചെന്നും സോണിയ പറഞ്ഞു.

പതിനാറാം ലോക്‌സഭയിലെ അവസാന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു സോണിയ.

അജയ്യരാണെന്ന് ഞങ്ങളുടെ എതിരാളികൾ വിശ്വസിച്ചു. ലക്ഷക്കണക്കിനായ പ്രവർത്തകരെ അണിനിരത്തി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അവരെ നേരിട്ടു. പാർട്ടിക്ക് പുതിയ ഊർജം രാഹുൽ പകർന്നു. അക്ഷീണനായി പ്രവർത്തിച്ചു. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും വിജയം പുതിയ പ്രതീക്ഷ നൽകി. അവരുടെ ശക്തികേന്ദ്രങ്ങളെന്ന് കരുതുന്നിടത്താണ് നാം വിജയിച്ചത്. ഇത് കാണിക്കുന്നത് തിരിച്ചുവരാനുള്ള നമ്മുടെ കഴിവാണ്. പുത്തൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻപോകുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുതിർന്ന നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ,ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, പി.ചിദംബരം തുടങ്ങിയവർ സംസാരിച്ചു. പാർലമെന്റ് അനക്സ് ഹാളിൽ ചേർന്ന യോഗത്തിൽ പാർലമെന്ററി പാർട്ടി സെക്രട്ടറി
കൊടിക്കുന്നിൽ സുരേഷ് എം.പി സ്വാഗതം പറഞ്ഞു. കോൺഗ്രസിന് 40 എം.പിമാർ മാത്രമുണ്ടായ ലോക്‌സഭയിൽ വൻ ഭൂരിപക്ഷമുള്ള ബി.ജെ.പിയെ പല പ്രശ്നങ്ങളിലും മുട്ടുക്കുത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർലമെന്ററി പാർട്ടി സെക്രട്ടറി പദവിയിൽ തുടർച്ചയായി 10 വർഷം പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള ഏക കോൺഗ്രസ് എം.പിയാണ് കൊടിക്കുന്നിൽ.
എം.ഐ.ഷാനവാസ് ഉൾപ്പെടെയുള്ള അന്തരിച്ച എം.പിമാർക്കും മുൻ എം.പിമാർക്കും യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊടിക്കുന്നിൽ സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.