mamta

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ദേശീയതലത്തിൽ കോൺഗ്രസിനും ഇടത് പാർട്ടികളോടും സഹകരിക്കാൻ തയാറാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ ജന്തർ മന്ദറിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷറാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മമത നിലപാട് വ്യക്തമാക്കിയത്. ദേശീയതലത്തിലല്ല, സംസ്ഥാനതലത്തിലാണ് കോൺഗ്രസുമായും ഇടത് പാർട്ടികളുമായുള്ള പോരാട്ടം. മമത പറഞ്ഞു. അതേസമയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ നേതാവ് ഡി.രാജയും മടങ്ങിയശേഷമാണ് മമത ജന്ദർമന്ദറിലെ റാലിയിലേക്ക് വന്നത്.

അതിനിടെ ശാരദ ചിട്ടി ഫണ്ട് അഴിമതി കേസിൽ ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആദിർ ചൗധരി പാർലമെന്റിൽ മമതയെയും തൃണമൂൽ കോൺഗ്രസിനെയും ഇന്നലെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

മോദി സർക്കാരിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഡൽഹിയിൽ നടന്ന റാലി പ്രതിപക്ഷ പാർട്ടികളുടെ ഐക്യവേദിയായി മാറി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, എൽ.ജെ.ഡി നേതാവ് ശരത് യാദവ്, എൻ.സി.പി നേതാവ് ശരദ് പവാർ, എസ്.പി നേതാവ് രാം ഗോപാൽ യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഡി.എം.കെ നേതാവ് കനിമൊഴി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ റാലിയെ അഭിസംബോധനചെയ്ത് സംസാരിച്ചു. ബി.ജെ.പി എം.പി ശത്രുഹ്‌നൻ സിൻഹയു വേദിയിലെത്തി.

രാജ്യത്തെ രക്ഷിക്കാൻ മോദി എന്ന കാവൽക്കാരനെ മാറ്റണം. മികച്ച ഇന്ത്യ സാധ്യമാക്കാൻ കേന്ദ്രസർക്കാരിനെ തൂത്തെറിയണം

- സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

പ്രതിപക്ഷ സഖ്യമല്ല ഏകാധിപത്യമാണ് അപകടം

ശരദ് പവാർ


പാകിസ്ഥാൻ പ്രധാനമന്ത്രിയെപ്പൊലെയാണ് ഡൽഹിയെ മോദി ആക്രമിക്കുന്നത്

-അരവിന്ദ് കേജ്‌രിവാൾ

ഫെഡറൽ തത്വങ്ങളിലൂന്നിയുള്ള സഹകരണം മോദി സർക്കാരിൽ നിന്നുണ്ടാകുന്നില്ല. സംസ്ഥാനങ്ങളെ ആക്രമിക്കുകയാണ്

- ചന്ദ്രബാബു നായിഡു

അടിയന്തരാവസ്ഥയെക്കാൾ മോശം നിലയാണ് രാജ്യത്തുള്ളത്

-മമത ബാനർ

മമതയ്ക്കിട്ട് കൊട്ടി ഡൽഹിയിൽ ബോർഡുകൾ

ദീദി, നിങ്ങളുടെ പ്രസംഗത്തെ ഇവിടെ ആരും തടയില്ല, ചിരിക്കൂ ദീദി നിങ്ങൾ ജനാധിപത്യത്തിലാണ് എന്നിങ്ങനെ മമതയെ പരിഹസിക്കുന്ന ബോർഡുകളും ഇന്നലെ ഡൽഹിയിൽ നിറ‌ഞ്ഞിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ രഥയാത്രയ്ക്ക് അനുമതി നൽകാത്തതും യോഗി ആദിത്യനാഥിൻറെ ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി നൽകാത്തതും ചൂണ്ടിയാണ് യൂത്ത് ഫോർ ഡെമോക്രസിയെന്ന പേരിൽ മമതയുടെ കാരിക്കേച്ചറുമായുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.