ന്യൂഡൽഹി: നാലര വർഷം ലോക്‌സഭയിൽ കൊമ്പു കോർത്തവർ ഇന്നലെ യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ മുഖത്തു തെളിഞ്ഞത് ഒരേ ചോദ്യത്തിന്റെ നിഴൽപ്പാട്: ഒരിക്കൽക്കൂടി തിരിച്ചെത്തുമോ? രാഷ്‌ട്രീയ നീക്കങ്ങൾക്കൊപ്പം വികാരഭരിതമായ നിമിഷങ്ങളും നിറഞ്ഞതായിരുന്നു പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപനദിവസം.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും മോദിക്കും എതിരെ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമാകാനിരിക്കുന്ന റാഫേൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് ഇന്നലെയാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. രാവിലെ പാർലമെന്റ് അനക്‌സിൽ കോൺഗ്രസ് പാർലമെന്റി പാർട്ടി യോഗത്തോടെയായിരുന്നു സംഭവബഹുലമായ ദിവസത്തിനു തുടക്കം. പിന്നീട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ മോദിവിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തെ നിരാശരാക്കി വിമാനവില സംബന്ധിച്ച പരാമർശമില്ലാതെ സി.എ.ജി റിപ്പോർട്ട് സഭയിൽ.
ചിട്ടി ഫണ്ട് നിയന്ത്രണ ബില്ലും ജാലിയൻ വാലാബാഗ് സ്‌മാരക ബില്ലും ചർച്ച ചെയ്‌ത് പാസാക്കിയ ശേഷമായിരുന്നു മൂന്നുമണിയോടെ ലോക്‌സഭയിലെ വിടവാങ്ങൽ ചർച്ച. ജനങ്ങളുടെ പ്രതിഷേധം സഭയിലെത്തിക്കാനുള്ള ദൗത്യമാണ് പ്രതിപക്ഷം നടപ്പാക്കിയതെന്ന് ചർച്ച തുടങ്ങിവച്ച കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു.
അവസാന ദിവസത്തെ ബില്ലിലും ഭേദഗതി നിർദ്ദേശിച്ച് ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ സഭയിൽ കൈയടി നേടി. ഏറ്റവും കൂടുതൽ ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിച്ച അംഗമാണ് പ്രേമചന്ദ്രൻ. കേന്ദ്രം പ്രളയദുരിതാശ്വാസ സഹായം നൽകാത്തതിലുള്ള വിഷമമം സി.പി.എം നേതാവ് പി. കരുണാകരൻ പ്രകടിപ്പിച്ചു.
പതിമൂന്നു ദിവസത്തെ ബഡ്‌ജറ്റ് സമ്മേളനം ബഹളത്തിൽ സ്‌തംഭിച്ച രാജ്യസഭ ചർച്ചയില്ലാതെ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ധനബില്ലുകളും ഒന്നിച്ചു പാസാക്കി ഉച്ചയോടെ പിരിഞ്ഞിരുന്നു.
മോദിക്ക് മുലായത്തിന്റെ 'ആശംസ'
ലോക്‌സഭയുടെ അവസാനദിവസം പ്രതിപക്ഷ നിരയെ ഞെട്ടിച്ചത് സമാജ്‌വാദി നേതാവ് മുലായം സിംഗ് യാദവ്. പ്രധാനമന്ത്രിയായി വീണ്ടുമെത്താൻ നരേന്ദ്രമോദിക്ക് മുലായം അർപ്പിച്ച ആശംസ കേട്ട് സോണിയ അടക്കമുള്ള പ്രതിപക്ഷ നിര ഇടിവെട്ടേറ്റ് ഇരുന്നു.
2014ൽ കന്നി അംഗമായി എത്തിയ താൻ പിന്നീടാണ് പലതും പഠിച്ചതെന്നു പറഞ്ഞായിരുന്നു നരേന്ദ്ര മോദിയുടെ സമാപന പ്രസംഗം. രാഹുലിന്റെ ആലിംഗനവും കണ്ണിൽ നോക്കാൻ ആവശ്യപ്പെട്ടതുമൊന്നും തന്നെ ബാധിച്ചില്ലെന്ന് മോദി പറഞ്ഞത് പരിഹാസപൂർവം.