editors-pick

തിരഞ്ഞെടുപ്പിന് വേദി തുറന്നിട്ട് ആചാരം ചൊല്ലി പിരിഞ്ഞ പതിനാറാം ലോക്‌സഭ ചരിത്രമായി. 2014 ജൂൺ നാലിനും 2019 ഫെബ്രുവരി 13നുംഇടയിൽ കടന്നു പോയത് സംഭവബഹുലമായ സെഷനുകൾ, പ്രസംഗങ്ങൾ, ചർച്ചകൾ, ബില്ലുകൾ, നാടകീയ മുഹൂർത്തങ്ങൾ.

തുടക്കം മെയിൽ

ഗുജറാത്ത് മുഖ്യമന്ത്രി കസേരയിൽ നിന്ന് വാരാണാസി വഴി പാർലമെന്റ് പടികളിൽ ചുംബിച്ച് നരേന്ദ്രമോദി ഗൃഹപ്രവേശനം നടത്തിയത് 2014മെയിൽ. കരുത്തായി 282 സീറ്റിന്റെ ഭൂരിപക്ഷം. 2004നു ശേഷം ലോക്‌സഭയിൽ നിന്നൊരു പ്രധാനമന്ത്രി. 11 കക്ഷികളടങ്ങിയ എൻ.ഡി.എ യ്‌ക്ക് 543 അംഗസഭയിലെ ഭൂരിപക്ഷം 336(പിന്നീട് തലാക്ക് ചൊല്ലിയ ശിവസേനയും(20) തെലുങ്കുദേശവും(16) അടക്കം). പത്തു വർഷം യു.പി.എയെ നയിച്ച മുത്തശ്ശി പാർട്ടിയായ കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനും അർഹതയില്ലാതെ 44 സീറ്റിൽ മൂലയ്‌ക്കൊതുങ്ങി. പ്രതിപക്ഷത്ത് തൃണമൂൽ(34), ബി.ജെ.ഡി(20), എ.ഐ.എ.ഡി.എം.കെ(37), ടി.ആർ.എസ്(11), സി.പി.എം(9), വൈ.എസ്.ആർ.പി(9) എന്നിവരും ശക്തി കേന്ദങ്ങളായി. മുലായം സിംഗിന്റെ എസ്.പി അഞ്ചിലാെതുങ്ങിയ സഭയിൽ മായാവതിയുടെ ബി.എസ്.പി ഇടംനേടിയതുമില്ല. ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ച കോൺഗ്രസ് പിന്നീട് ഉൗർജ്ജം വീണ്ടെടുത്തു.

ട്രഷറിബെഞ്ചിന്റെ കരുത്ത്

സ്‌പീക്കറുടെ ഇടതുഭാഗത്തെ രണ്ട് നിരകൾ ഒഴികെ സഭയിലാകെ ഒഴുകിപ്പരന്ന ട്രഷറിബെഞ്ചിന്റെ മൃഗീയ ഭൂരിപക്ഷം 16-ാം ലോക്‌സഭയുടെ നടപടികളിലെല്ലാം പ്രതിഫലിച്ചു. 44 സീറ്റിലൊതുങ്ങിയ കോൺഗ്രസിനെ കളിയാക്കിയ ഭരണപക്ഷം നേതാവായി വളരുന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ തടസപ്പെടുത്താനും ശ്രമിച്ചു. ആദ്യമൊക്കെ പ്രസംഗിക്കാൻ തുണ്ടു കടലാസിൽ കുറിപ്പുമായി വന്ന, സഭയിൽ വരാതെ മുങ്ങിയ രാഹുൽ തടസങ്ങൾ തട്ടിമാറ്റി പക്വതയുള്ള നേതാവായതും കോൺഗ്രസ് അദ്ധ്യക്ഷനായതും ചരിത്രം. റാഫേൽ അടക്കമുള്ള വിഷയങ്ങളിൽ സമയോചിത ഇടപെടൽ. സഭയിൽ പ്രധാനമന്ത്രിയെ ആശ്ളേഷിച്ച് ഞെട്ടിച്ചും വെല്ലുവിളിച്ചും ശ്രദ്ധ നേടി.

സർവ്വം മോദിമയം

അതേസമയം ഭരണപക്ഷത്ത് സർവ്വം മോദിമയമായിരുന്നു. പാർലമെന്റിലെ പ്രസംഗങ്ങൾക്ക് രാജ്യം കാതോർത്തു. ബി.ജെ.പി എംപിമാർക്ക് മോദി ഹെഡ്‌മാഷിനെപ്പോലെന്ന് പ്രതിപക്ഷം കളിയാക്കി. ഗോരക്ഷകരും ദളിത് പീഡകരും വിവാദമുണ്ടാക്കിയപ്പോൾ പ്രതിപക്ഷത്തിന്റെ കുന്തമുനകൾ നീണ്ടതും പ്രധാനമന്ത്രിയിലേക്ക്. എതിരാളികളുടെ കൂരമ്പുകളെ ഒാർത്തുവച്ച് സന്ദർഭം പോലെ തിരിച്ചുപറഞ്ഞ് കണക്കു തീർത്തു. സഭയിലെ അവസാന പ്രസംഗത്തിൽ പോലും മോദി ടച്ച് വേറിട്ടു നിന്നു.

ബില്ലുകൾ

മിക്ക ബില്ലുകളും കടന്നു വന്നത്. സർക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയിലൂടെ. മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിയ ബിൽ അടക്കം അവയിൽ പലതും സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ തട്ടി വീണു. ധനബില്ലുകൾ രാജ്യസഭാ അംഗീകാരമില്ലാതെയും പാസാക്കാമെന്ന ചട്ടവും വിനിയോഗിച്ചു.

ഒാർമ്മയായ റെയിൽവെ ബഡ്‌ജറ്റ്

കേന്ദ്ര ബഡ്‌ജറ്റിനൊപ്പം പ്രത്യേക റെയിൽ ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന 1924 മുതലുള്ള പതിവും ഇക്കാലത്ത് ഒാർമ്മയായി. 2017 മുതൽ കേന്ദ്ര ബഡ്‌ജറ്റ് മാത്രം. അവസാന റെയിൽവെ ബഡ്‌ജറ്റ് 2016ൽ സുരേഷ് പ്രഭു വക. ഫെബ്രുവരി 28ൽ നിന്ന് കേന്ദ്ര ബഡ്‌ജറ്റ് അവതരണം ഫെബ്രു. ഒന്നിലേക്ക് മാറ്റിയതും മറ്റൊരു പരിഷ്‌ക്കാരം. രോഗാതുരനായ ധനമന്ത്രി അരുൺജയ്‌റ്റ്ലിയുടെ പകരക്കാരനായി ഇടക്കാല ബഡ്‌ജറ്റ് അവതരണം നടത്തിയത് പിയൂഷ് ഗോയൽ.

ചരിത്രമായി ജി.എസ്.ടി

എല്ലാ നികുതികളെയും ആവാഹിച്ചെടുത്ത് നാലു സ്ളാബുകളിലടച്ച ജി.എസ്.ടി നടപ്പാക്കാൻ കൊണ്ടുവന്ന ബിൽ ചരിത്രത്തിൽ ഇടം നേടി. പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള 124-ാം ഭരണഘടനാ ഭേദഗതിയാണ് മറ്റൊന്ന്.

ബിൽ ചരിത്രം:

പാസായ ബില്ലുകൾ: 150(47ബഡ്‌ജറ്റ് ബില്ലുകൾ അടക്കം)

നിയമമായവ: ജി.എസ്.ടി നിയമങ്ങൾ, സാമ്പത്തിക സംവരണ ബിൽ, റിയൽ എസ്‌റ്റേറ്റ്, തൊഴിൽ നിയമം, അഴിമതി നിരോധനം, ആന്ധ്രാ വിഭജന നിയമം, കമ്പനീസ് നിയമം, മോട്ടോർ വാഹന നിയമം, ബിനാമി വിരുദ്ധ നിയമം, ആധാർ ഭേദഗതി, പാപ്പരത്ത ബിൽ, ദളിത് പീഡന വിരുദ്ധ നിയമം

മക്കൾ സഭ

സോണിയാ ഗാന്ധിയിൽ നിന്ന് പാർട്ടി നേതൃത്വം ഏറ്റെടുത്ത രാഹുൽ ഗാന്ധി അടക്കം പ്രമുഖ നേതാക്കളുടെ രണ്ടാം തലമുറയും സഭയിൽ ശ്രദ്ധേയരായി. സോണിയയും രാഹുലും എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാനും മകൻ ചിരാഗ് പാസ്വാനും ഒരേ സമയം സഭയിൽ.

ശ്രദ്ധേയരായ മക്കളും പിതാക്കൻമാരും: സുപ്രിയാ സുലെ(ശരത് പവാർ-എൻ.സി.പി), ജയന്ത് സിൻഹ(യശ്വന്ത് സിൻഹ), ദുഷ്യന്ത് ചൗത്താല(അജയ് സിംഗ് ചൗത്താല-ഐ.എൻ.എൽ.ഡി), ദീപേന്ദ്ര സിംഗ് ഹൂഡ(ഭൂപീന്ദർസിംഗ് ഹൂഡ-കോൺഗ്രസ്), ജ്യോതിരാദിത്യ സിന്ധ്യ(പരേതനായ മാധവറാവുസിന്ധ്യ-കോൺഗ്രസ്), കെ.കവിത(ചന്ദ്രശേഖര റാവു-ടി.ആർ.എസ്), പ്രീതം മുണ്ടെ(ഗോപിനാഥ് മുണ്ടെ-ബി.ജെ.പി), പൂനം മഹാജൻ(പ്രമോദ് മഹാജൻ-ബി.ജെ.പി).

സ്ഥാനക്കയറ്റം നൽകിയ സഭ

2014ൽ സഭയിൽ വന്നുകയറിയ പലരും ഉന്നതസ്ഥാനീയരായാണ് മടങ്ങിയത്. രാഹുൽ ഗാന്ധി ഉപാദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കോൺഗ്രസ് അദ്ധ്യക്ഷനായി. കേരളത്തിൽ നിന്ന് കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുല്ലപ്പളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷനും കൊടിക്കുന്നിൽ സുരേഷ്, അന്തരിച്ച എം.ഐ. ഷാനവാസ് എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരുമായി. കേരളാ കോൺഗ്രസ് അംഗം ജോസ് കെ.മാണിക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഉപരിസഭയായ രാജ്യസഭയിലേക്ക്. എംപിമാരായിരുന്ന യോഗിആദിത്യ നാഥ്, കമൽനാഥ്, സർബാനന്ദ സോണോവാൾ എന്നിവർ മുഖ്യമന്ത്രിമാരുമായി.

കണ്ണീർ ഒാർമ്മകൾ

മുൻകേന്ദ്രമന്ത്രിയും മുസ്ളീം ലീഗ് നേതാവും മലപ്പുറം എംപിയുമായിരുന്ന ഇ. അഹമ്മദും കോൺഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന എം.എ.ഷാനവാസും സഭയുടെ കണ്ണീർ ഒാർമ്മകളാണ്. ബി.ജെ.പി അധികാരമേറ്റ് നാളുകൾക്കകമാണ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ ഡൽഹിയിൽ റോഡപകടത്തിൽ മരിച്ചത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ബി.ജെ.പി നേതാവും പാർലമെന്ററികാര്യ മന്ത്രിയുമായ അനന്ത്കുമാർ ഇക്കഴിഞ്ഞ നവംബറിൽ അന്തരിച്ചു. ഏറെനാൾ കിടപ്പിലായിരുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒാർമ്മയായതും 16-ാം ലോക്‌സഭയുടെ കാലത്താണ്.

വനിതാ സഭ

ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ(62), സ്പീക്കറും സെക്രട്ടറി ജനറലും വനിതകൾ

ശ്രദ്ധ ക്ഷണിച്ച് കേരളം

കേരളത്തിൽ എതിരാളികളായ കോൺഗ്രസ്, സി.പി.എം എംപിമാർ ലോക്‌സഭയിൽ ബി.ജെ.പി സർക്കാരിനെ ഒരുമിച്ചിരുന്ന് ഒന്നിച്ചെതിർത്തു. പ്രളയം പോലുള്ള വിഷയങ്ങളിലും അവർ ഒന്നിച്ചു. രാഹുൽ ഗാന്ധി കേരളത്തിലെ പാർട്ടിയെക്കുറിച്ച് സി.പി.എം എംപിമാരുമായി ചർച്ച ചെയ്‌തു. രാഹുലുമായി കോൺഗ്രസ് അംഗങ്ങൾക്ക് കൂടുതൽ അടുക്കാനുള്ള അന്തരീക്ഷവും 'ന്യൂനപക്ഷ കാലം' ഒരുക്കി.

പക്ഷേ ശബരിമല പോലെ കേരള വിഷയങ്ങളിൽ പരസ്‌പരം കുറ്റപ്പെടുത്തിയും വിമർശിച്ചും കേരള എംപിമാർ രാഷ്‌ട്രീയ കൂറു പുലർത്തി. കേരളത്തിന്റെ പൊതു വിഷയങ്ങളും മണ്ഡലങ്ങളിലെ വികസനകാര്യങ്ങളും സഭയിൽ അവതരിപ്പിക്കുന്നതിലും കേന്ദ്രസർക്കാർ സഹായങ്ങൾ നേടുന്നതിലും അവർ മത്സരിച്ചു.

സഭയിൽ അവതരിപ്പിച്ച എല്ലാ ബില്ലുകളിലും ഭേദഗതി അവതരിപ്പിച്ച ആർ.എസ്.പി എംപി എൻ.കെ.പ്രേമചന്ദൻ മൂന്നു തവണ മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടു. എഴുത്തിലും അന്തർദേശീയ വിഷയങ്ങളിലും ശ്രദ്ധേയനായ ശശി തരൂരും കേരളത്തിന്റെ അഭിമാനമായി.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി കൊടിക്കുന്നിൽ സുരേഷ്, കാൻസർ രോഗികൾക്കായി വാദിച്ച ചലച്ചിത്ര താരം ഇന്നസെന്റ്, വനിതാ വിഷയങ്ങളിൽ പി.കെ. ശ്രീമതി, ഭരണഘടനാവിഷയങ്ങളിൽ വൈദഗ്‌ദ്ധ്യം തെളിയിച്ച് എം.സമ്പത്ത്, വികസന വിഷയങ്ങളിൽ മുല്ലപ്പള്ളിരാമചന്ദ്രൻ, റബർ പ്രതിസന്ധിയിൽ ആന്റോ ആന്റണി, ജോസ്.കെ. മാണി, തീരദേശ വാസികൾക്കായി കെ.വി.തോമസ്, പരിസ്ഥിതിക്കായി ജോർജ്ജ് ജോയിസ്, കരിപ്പൂർ വിമാനത്താവളത്തെ രക്ഷിക്കാൻ എം.കെ.രാഘവൻ, അവകാശ സംരക്ഷണത്തിന് പികെ. ബിജു, മുസ്ളീം അവകാശങ്ങൾക്കു വേണ്ടി ഇ.ടി.മുഹമ്മദ് ബഷീർ, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.എമ്മിന്റെ കരുത്തുറ്റ ശബ്ദയായി പി.കരുണാകരൻ, എം.ബി.രാജേഷ്ദേശീയ വിഷയങ്ങളിൽ സി.എൻ. ജയദേവൻ എന്നിവരനടത്തിയ പ്രസംഗങ്ങളും സഭയിലെ റഫറൻസ് രേഖകളാണ്. ആംഗ്ളോ ഇന്ത്യൻ നോമിനേറ്റഡ് എംപി റിച്ചാർഡ് ഹേ കേരള ബി.ജെ.പി പ്രതിനിധിയായി.

പ്രതിപക്ഷത്ത് കൂടുതൽ തിളങ്ങിയതും കേരളത്തിലെ അംഗങ്ങളാണ്. കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കു പാർട്ടിയിൽ ലഭിച്ച അംഗീകാരം സഭയിലെ പ്രകടനം കൂടി അടിസ്ഥാനമാക്കിയാണ്.

ദേശീയ പാർട്ടികളായ ആർ.എസ്.പിക്കും(എൻ.കെ. പ്രേമചന്ദ്രൻ) സി.പി.ഐയ്‌ക്കും(സി.എൻ. ജയദേവൻ) ലഭിച്ച ഏക പ്രതിനിധികളും കേരളത്തിൽ നിന്നായിരുന്നു. ഇ.അഹമ്മദിന്റെ പകരക്കാരനായി ലോക്‌സഭയിലൂടെ പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്‌ട്രീയത്തിലെത്തി.

നാണം കെടുത്താതെ

കുരുമുളക് സ്‌പ്രേ പ്രയോഗവും കയ്യേറ്റങ്ങളും നടന്ന 15-ാം ലോക്‌സഭയെ അപേക്ഷിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ മാന്യത കാക്കാൻ 16-ാം ലോക്‌സഭയ്‌ക്കു കഴിഞ്ഞു. പരിധിവിട്ട് ബഹളമുണ്ടാക്കിയതിന് ചില അംഗങ്ങളെ സസ്‌പെൻഡു ചെയ്‌ത നടപടികൾ മാറ്റി നിറുത്തിയാൽ സ്‌പീക്കർ സുമിത്രാ മഹാജന് കീഴിൽ സഭ അച്ചടക്കം പാലിച്ചാണ് പ്രവർത്തിച്ചത്.