sc
സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള അധികാര തർക്കത്തിൽ നിർണായകമായ, ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും ആർക്കാണ് അധികാരമെന്ന ചോദ്യം സുപ്രീംകോടതി മൂന്നംഗബെഞ്ചിന് വിട്ടു. രണ്ടംഗബെഞ്ചിലെ ജസ്റ്റിസ് എ.കെ സിക്രിയും ജസ്റ്റിസ് അശോക് ഭൂഷണും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് വിഷയം വിശാലബെഞ്ചിന് വിട്ടത്.

ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും ലെഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധിയിലാണെന്നും മറ്റുള്ള നിയമനങ്ങൾ ഡൽഹി സർക്കാരിനാണെന്നും ജസ്റ്റിസ് എ.കെ സിക്രി നിലപാടെടുത്തു. അതേസമയം സർവീസ് മേഖലകൾ ഡൽഹി നിയമസഭയുടെ അധികാരപരിധിയിലല്ലെന്നും ജോയിൻറ് സെക്രട്ടറി റാങ്കിന് താഴെയുള്ളതുൾപ്പടെ എല്ലാ നിയമനങ്ങളും കേന്ദ്രവിഷയമാണെന്നും ജസ്റ്റിസ് അശോക് ഭൂഷൺ വിധിയെഴുതി. ഇതോടെ സർവീസ് മേഖലയിൽ ആർക്ക് അധികാരമെന്ന ചോദ്യം മൂന്നംഗബെഞ്ചിന് വിടുകയായിരുന്നു.

അഴിമതി വിരുദ്ധ ബ്യൂറോ കേന്ദ്രത്തിന്, കേജ്‌രിവാളിന് തിരിച്ചടി

......................................................................................

ഉദ്യോഗസ്ഥ നിയമനം,സ്ഥലംമാറ്റം, അഴിമതി വിരുദ്ധ ബ്യൂറോയുടെ അധികാരം തുടങ്ങി ആറ് വിഷയങ്ങളിലെ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വിവിധ വിജ്ഞാപനങ്ങൾ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

പൊലീസ് അധികാരം സംസ്ഥാനത്തിനില്ലെന്നും ഡൽഹിയിലെ അഴിമതി വിരുദ്ധ ബ്യൂറോയുടെ അധികാരം കേന്ദ്രസർക്കാരിനാണെന്നും രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി വ്യക്തമാക്കി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാനത്ത് അധികാരമില്ല. അന്വേഷണ കമ്മിഷനുകളെ നിയമിക്കാനുള്ള അധികാരവും കേന്ദ്രത്തിനാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന ആംആദ്മി സർക്കാരിൻറെ വാദമാണ് കോടതി തള്ളിയത്.

വൈദ്യുതി, റവന്യൂ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കൽ എന്നിവ സംസ്ഥാന സർക്കാരിന് കീഴിലാണ്. ഏതെങ്കിലും വിഷയത്തിൽ ഗൗരവതരമായ അഭിപ്രായ ഭിന്നതകളുണ്ടെങ്കിൽ ലെഫ്റ്റനന്റ് ഗവർണർക്കും സംസ്ഥാന സ‌ർക്കാരിനും രാഷ്ട്രപതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

വിധി ജനാധിപത്യ വിരുദ്ധം - കേജ്‌രിവാൾ

.............................................

സുപ്രീംകോടതി വിധി ഡൽഹിയിലെ ജനങ്ങളോടുള്ള അനീതിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. വിധി ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരാണ്. നിയമപരമായി നേരിടും. അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിലേറിയത് മുതൽ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗുമായും തുടർന്ന് വന്ന ലെഫ്.ഗവർണർ അനിൽ ബൈജാലുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിരന്തരം ഏറ്റുമുട്ടുകയായിരുന്നു. കേന്ദ്രഭരിക്കുന്ന ബി.ജെ.പി സർക്കാർ ഡൽഹി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ആംആദ്മിയുടെ ആരോപണം. ഇതിനിടെയാണ് അഴിമതി വിരുദ്ധ അന്വേഷണം ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നത്.