or

ന്യൂഡൽഹി:റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി കോർട്ടലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് നേരിട്ട് ഹാജരാകേണ്ടതില്ല എന്ന് തിരുത്തിയ സുപ്രീംകോടതിയിലെ രണ്ട് ഉദ്യോഗസ്ഥരെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

അസിസ്റ്റന്റ് രജിസ്ട്രാർ റാങ്കിലുള്ള കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ്മ, തപൻകുമാർ ചക്രവർത്തി എന്നിവരെയാണ് ഭരണഘടനയുടെ 311ാം വകുപ്പ് നൽകുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടത്. പ്രാഥമിക അന്വേഷണത്തിൽ തിരിമറി വ്യക്തമായതിനെ തുടർന്നാണ് നടപടി.

550 കോടി രൂപ റിലയൻസ് കമ്മ്യൂണിക്കേഷൻ തിരികെ നൽകാത്തതിൽ അനിൽ അംബാനിക്കും റിലയൻസ് ടെലികോം ചെയർമാൻ സതീഷ് സേത്, റിലയൻസ് ഇൻഫ്രാടെൽ ലിമിറ്റഡ് ചെയർപേഴ്സൺ ഛായ വിരാനി എന്നിവർക്കും എതിരെ സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സൺ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് വിവാദ സംഭവം.

ഹർജി സ്വീകരിച്ച ജസ്റ്റിസ്‌മാരായ രോഹിൻറൺ നരിമാൻ,വിനീത്‌സരൺ എന്നിവരുടെ ബെഞ്ച് അനിൽ അംബാനി ഉൾപ്പടെയുളവർ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. എന്നാൽ ജനുവരി 7ന് സുപ്രീംകോടതി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ നേരിട്ട് ഹാജരാകേണ്ടതില്ല എന്നാണ് വന്നത്.

എറിക്സൺ അഭിഭാഷകൻ ദുഷ്യന്ത് ദവെ ഇക്കാര്യം ജനുവരി 10ന് ജസ്റ്റിസ് രോഹിൻറൺ നരിമാന്റെ ശ്രദ്ധയിൽപ്പെടുത്തി. അന്ന് തന്നെ അനിൽ അംബാനി ഉൾപ്പടെയുള്ളവർ നേരിട്ട് ഹാജരാകണമെന്ന തിരുത്തിയ ഉത്തരവ് അപ്‌ലോഡ് ചെയ്യുകയായിരുന്നു.

തെറ്റ് അബദ്ധത്തിൽ വന്നതല്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ്ജസ്റ്റിസിന്റെ നടപടി. തുറന്നകോടതിയിലും ജഡ്ജിമാരുടെ ചേംബറിലും ജഡ്ജിമാരുടെ ഉത്തരവ് എഴുതിയെടുക്കാനുള്ള ഉത്തരവാദിത്വം കോർട്ട്മാസ്റ്റർമാർക്കാണ്.

എറിക്‌സണ് അനിൽ അംബാനിയുടെ കമ്പനി നൽകാനുള്ള തുക സെപ്തംബർ 30ന് മുൻപ് കൈമാറാൻ കോടതിയിൽ ഇരുകക്ഷികളും ധാരണയിലെത്തിയെങ്കിലും റിലയൻസ് പണം നൽകിയില്ല. തുടർന്നാണ് എറിക്സൺ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഹർജി സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്.

ജനുവരി 7ലെ ഉത്തരവിലെ വിവാദ ഭാഗം -

“personal appearance of the alleged contemnor(s) dispensed with”

( കേസ് നേരിടുന്ന വ്യക്തിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുന്നു )

ജനുവരി 10ന് തിരുത്തിയ ഉത്തരവ് ഇങ്ങനെ-

personal appearance of the alleged contemnor(s) is not dispensed with

(കേസ് നേരിടുന്ന വ്യക്തിയെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുന്നില്ല )

ആദ്യത്തെ ഉത്തരവിൽ not എന്ന വാക്ക് ഉദ്യോഗസ്ഥർ ഒഴിവാക്കുകയായിരുന്നു.