ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കി. പത്തുവയസുള്ള പെൺകുട്ടികളുടെ സാന്നിദ്ധ്യം പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന് പറയുന്നത് നിന്ദയാണ്. യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല.
എൻ.എസ്.എസിന്റെ പുനഃപരിശോധനാ ഹർജിക്കെതിരെ സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരികയാണ് വാദം എഴുതി സമർപ്പിച്ചത്.
35 വയസുള്ള യുവതിക്ക്1950 മുതൽ 2007 വരെ ദേവസ്വംബോർഡ് അംഗമാകാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. 2007ന് ശേഷമാണ് ഇത് 60 വയസായി ഉയർത്തിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ബോർഡിൽ 35 വയസുള്ള സ്ത്രീക്ക് അംഗമാകാമെങ്കിൽ 35 മുതൽ 50 വരെ പ്രായമുള്ള യുവതികളെ ശബരിമല പ്രവേശനത്തിൽ നിന്ന് വിലക്കുന്നത് മനസിലാക്കാൻ കഴിയുന്നില്ല.
ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അശുദ്ധി കൽപ്പിക്കുന്നത് മനുഷ്യവർഗത്തിന് മുഴുവൻ കളങ്കമാണ്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ്. ആർത്തവകാലത്ത് സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഏറ്റവും മോശപ്പെട്ട ആചാരമാണെന്നും സർക്കാർ വ്യക്തമാക്കി.
തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃപരിശോധനാ ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും വാദങ്ങൾ സമർപ്പിച്ചു. യുവതികളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റിനിറുത്തുന്നത് ഹിന്ദുമതത്തിലെ അവിഭാജ്യ ആചാരമല്ല. മതത്തിനുള്ള പ്രത്യേക പദവി ശബരിമലയ്ക്ക് ബാധകമല്ല.
വിധിയിൽ ഗുരുതരമായ പിഴവ് ചൂണ്ടിക്കാണിച്ചിട്ടില്ല. ഏതെങ്കിലും ഒരുവാദം പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്‌ക്കുള്ള കാരണമല്ല. ശബരിമല പൊതുക്ഷേത്രമാണ്. സമ്പ്രദായങ്ങൾക്ക് ഭരണഘടനാപരിരക്ഷയില്ലെന്നും സർക്കാർ വ്യക്തമാക്കി.