ന്യൂഡൽഹി: ദേവതയുടെ അവകാശം കണക്കിലെടുക്കാതെയും അനിവാര്യ കക്ഷികളെ കേൾക്കാതെയുമാണ് സുപ്രീംകോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചതെന്ന് മൂവാറ്റുപുഴ പെരുവംമൂഴി ആലിൻചുവട് ശ്രീഅയ്യപ്പൻ കോവിൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കർശനമായ പാലിക്കേണ്ട നിബന്ധനകളിലൂടെയാണ് ദേവതയുടെ ശക്തിയും ഊർജവും നിലനിറുത്തുന്നത്. ക്ഷേത്രാചാരങ്ങളിലും നിഷ്ഠകളിലും പൂർണ അധികാരം മുഖ്യതന്ത്രിക്കാണ്. ഇത് സുപ്രീംകോടതിയുടെയും കേരളഹൈക്കോടതിയുടെയും വിവിധ വിധികളിൽ പറയുന്നുണ്ട്. അയ്യപ്പൻ പ്രധാന പ്രതിഷ്ഠയായിട്ടള്ള നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. ഓരോക്ഷേത്രത്തിനും ഐതിഹ്യവും പ്രധാന്യവുമുണ്ട്. അയ്യപ്പൻമാർ മതത്തിനുള്ള പ്രത്യേക വിശ്വാസി സമൂഹമല്ലെന്ന വിധി മതിയായ തെളിവുകളുടെ പിൻബലത്തോടെയല്ല. സമത്വത്തിനുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 14 മതപരമായ കാര്യങ്ങളിൽ പ്രയോഗിക്കരുത്.വിധി പുനഃപരിശോധിക്കണമെന്നും എഴുതി സമർപ്പിച്ച വാദത്തിൽ പറയുന്നു.