ന്യൂഡൽഹി:ജമ്മു കാശ്‌മീരിൽ 44 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാർ, ഭീകരസംഘടനകളെ പോറ്റുന്ന പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനും നീക്കം തുടങ്ങി. തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും പ്രഹരം എങ്ങനെ വേണമെന്നും സൈന്യത്തിന് തീരുമാനിക്കാമെന്നും ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞു. പ്രതികാരം ചെയ്യുമെന്ന് സി.ആർ.പി.എഫും പ്രഖ്യാപിച്ചു.
കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. സ്ഥിതി ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും.
ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ ഉപസമിതിയുടെ അടിയന്തര യോഗം, പാകിസ്ഥാന് വ്യാപാര ഇളവുകൾ നൽകിയിരുന്ന അതീവ സൗഹൃദരാജ്യ പദവി പിൻവലിച്ചു. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണർ സൊഹൈൽ മെഹമ്മൂദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ഒാഫീസിൽ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകളും നിറുത്തി വച്ചേക്കും.
യു. എൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാഷ്‌ട്രങ്ങളുടെയും പ്രതിനിധികളുമായി ഇന്ത്യ ഇന്നലെ ചർച്ച നടത്തി. അവയിൽ അമേരിക്കയും, റഷ്യയും, ബ്രിട്ടനും ഫ്രാൻസും ഇന്ത്യയ്‌ക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച ചൈന ജയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന തള്ളി. ജി 20 രാജ്യങ്ങളുടെ പ്രതിനിധികളുമായും ഇന്ത്യൻ സംഘം ചർച്ച നടത്തി.
സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുൺ ജയ്‌റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. പിന്നീട് ജമ്മുകാശ്‌മീരിൽ എത്തിയ രാജ്നാഥ് സിംഗ് ഗവർണർ സത്യപാൽ മാലിക്കുമായി ചർച്ച നടത്തി. സൈനികരുടെ ഭൗതിക ശരീരങ്ങൾ ഇന്നലെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. ഒരു ഭടന്റെ ഭൗതിക ശരീരം അടക്കം ചെയ്‌ത പെട്ടി വഹിച്ചത് രാജനാഥ് സിംഗും ജമ്മു ഡി.ജി.പി ദിൽബാഗ് സിംഗുമാണ്. പരിക്കേറ്റ ജവാൻമാരെയും രാജ്നാഥ് സന്ദർശിച്ചു.
സൗഹൃദ രാഷ്‌ട്ര പദവി
ലോകവ്യാപാര സംഘടനയിലെ അംഗമെന്ന നിലയിലാണ് ഇന്ത്യ പാകിസ്ഥാന് അതീവ സൗഹൃദ രാഷ്‌ട്ര പദവി ( മോസ്റ്റ് ഫേവേഡ് നേഷൻ ) നൽകിയത്.
കസ്‌റ്റംസ് ചുങ്കം അടക്കം നികുതികളിലും മറ്റും ഇളവു നൽകുന്ന ഈ പദവി പിൻവലിക്കുന്നത് പാകിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിക്കും. നിലവിൽ 48.85 കോടി ഡോളറിന്റെ സിമന്റ്, പഴങ്ങൾ, തുകൽ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നു. ഗാട്ട് കരാർ പ്രകാരം ലോക വ്യാപാര സംഘടനയിലെ 164 അംഗ രാജ്യങ്ങൾക്കിടയിൽ നിലവിലുള്ളതാണ് അതീവ സൗഹൃദരാജ്യ പദവി. പദവി പിൻവലിച്ച വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിക്കും. പാകിസ്ഥാൻ ഇന്ത്യയ്‌ക്ക് ഈ പദവി നൽകിയിട്ടില്ല.