ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിന് രാജ്യം ശക്തമായ മറുപടി നൽകുമെന്നും സുരക്ഷാ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കുറ്റവാളികൾ ശിക്ഷിക്കപ്പെടും. വലിയ തെറ്റാണ് ചെയ്തത്. സഹായിച്ചവരും കുറ്റംചെയ്യാൻ പ്രേരിപ്പിച്ചവരും വലിയ വില കൊടുക്കേണ്ടിവരും. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് പാകിസ്ഥാൻ വ്യാമോഹിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾക്ക് കടുത്ത രോഷമുണ്ടെന്നും രക്തം തിളയ്ക്കുന്നുണ്ടെന്നുമറിയാം. ശക്തമായി പ്രതികരിക്കണമെന്ന വികാരം സ്വാഭാവികമാണ്. സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സേനയുടെ ധീരതയിലും ശൗര്യത്തിലും എനിക്ക് വിശ്വാസമുണ്ട്. ഭീകര സംഘടനകളോടും അവർക്ക് പിന്നിലുള്ളവരോടും സഹായം ചെയ്യുന്നവരോടും ഒന്നു പറയാനുണ്ട്. നിങ്ങൾ വലിയ തെറ്റ് ചെയ്തിരിക്കുന്നു. വലിയ വില നൽകേണ്ടിവരും.

ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യം ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയത്തിന് അതീതമായി ഒറ്റശബ്ദമാകണം. നമ്മളൊറ്റ രാജ്യമാണ്, ഒറ്റ സ്വരമാണ് എന്ന സന്ദേശം ലോകമാകെ എത്തണം. ഭീരുത്വം നിറഞ്ഞ ഹീനകൃത്യങ്ങളിലൂടെ ഇന്ത്യയുടെ മനോവീര്യം കെടുത്താമെന്ന് കരുതുന്നുണ്ടെങ്കിൽ ലോകത്ത് ഇതിനകം ഒറ്റപ്പെട്ട നമ്മുടെ അയൽക്കാർ മായിക ലോകത്താണ്. ഇന്ത്യയെ അസ്ഥിരമാക്കാമെന്ന പകൽസ്വപ്നം അവസാനിപ്പിക്കണം. അത്തരം ശ്രമങ്ങൾ പരാജയപ്പെടും.
ഇത്തരം ആക്രമണങ്ങൾക്ക് 130 കോടി ഇന്ത്യൻ ജനത അനുയോജ്യമായ മറുപടി നൽകും. ആക്രമണത്തെ അപലപിച്ച് വൻരാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. അവർക്ക് നന്ദിപറയുന്നു. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിൽ കൈകോർക്കാൻ അഭ്യർത്ഥിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ വിരണ്ടുപോകില്ല. രാജ്യം ശക്തമായി തിരിച്ചടിക്കും.