ന്യൂഡൽഹി:സൈനികർക്കു നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പാകിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും നേരിട്ട് ഒരു തിരിച്ചടിക്കുള്ള സാദ്ധ്യത ഇല്ലെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായം. സുരക്ഷാ പിഴവുണ്ടായെന്ന വിമർശനം മറയ്‌ക്കാനും റാഫേൽ ഇടപാടിലെ പ്രതിപക്ഷ ആരോപണം തണുപ്പിക്കാനും പുൽവാമ ആക്രമണത്തെ രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താനായിരിക്കും കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇന്നത്തെ സർവ്വകക്ഷി യോഗം ഇതു മുന്നിൽ കണ്ടാണ്.
പാകിസ്ഥാനുമായി നേരിട്ടുള്ള യുദ്ധമോ, ഉറി ആക്രമണത്തെ തുടർന്ന് അതിർത്തിയിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച സർജിക്കൽ സ്‌ട്രൈക്ക് പോലുളള നടപടികളോ ഉടനുണ്ടാകാൻ സാദ്ധ്യതയില്ല. 44 സി.ആർ.പി.എഫ് ഭടൻമാർ കൊല്ലപ്പെട്ടതിന്റെ പ്രകോപനത്തിൽ ഇന്ത്യ കനത്ത നടപടിക്ക് മുതിരുമെന്ന ഭീതിയിൽ പാകിസ്ഥാൻ അതിർത്തിയിലും ഭീകര ക്യാമ്പുകൾ പ്രവർത്തിക്കുന്ന അധിനിവേശ കാശ്‌മീരിലും കനത്ത ജാഗ്രത പാലിക്കും. വീണ്ടുമൊരിക്കൽ സർജിക്കൽ ആക്രമണം നടത്താൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന് പരിമിതിയുണ്ടെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. അതിർത്തി പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച അതിശക്തമായതിനാൽ സൈനിക നടപടിക്ക് പരിമിതി ഉണ്ടെന്നും അവർ പറയുന്നു.
എന്നാൽ പാകിസ്ഥാനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താനും ജയ്ഷെ ഭീകരൻ മസൂദ് അസറിനെ വിട്ടുതരണമെന്ന് ആവശ്യപ്പെടാനും ഇന്ത്യ നീക്കം നടത്തിയേക്കും.
പതിനാറാം ലോക്‌സഭ പിരിഞ്ഞ് രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ഉണ്ടായ ആക്രമണം രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താനാകും മോദി സർക്കാർ മുൻഗണന നൽകുക. റാഫേൽ ഇടപാടിന്റെ പുതിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് പാർലമെന്റിലും പുറത്തും ഉന്നയിച്ചത് കേന്ദ്രസർക്കാരിന് ക്ഷീണമായിരുന്നു. റാഫേൽ വിഷയത്തെ തത്‌ക്കാലം മരവിപ്പിക്കാൻ പുൽവാമ കേന്ദ്രത്തെ സഹായിക്കും. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ നീക്കങ്ങൾക്ക് പിന്തുണ അഭ്യർത്ഥിക്കാനാണ് ഇന്നത്തെ സർവ്വകക്ഷി യോഗം. പാകിസ്ഥാനിൽ നിന്നും ഭീകരിൽ രാജ്യത്തെ സംരക്ഷിക്കാനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടും. അതേസമയം പുൽവാമയിൽ സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചേക്കും.