ന്യൂഡൽഹി: രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാൻ ലക്ഷ്യമിട്ടുള്ള ഭീകരതയെ ഒന്നിച്ച് ചെറുക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനൊപ്പം നിൽക്കുമെന്നും രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ് എന്നിവർക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
സൈനികർക്കു നേരെയുണ്ടായ ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയെയും ഇന്ത്യക്കാരെയും വിഭജിക്കാനുള്ള ഭീകരരുടെ ശ്രമം ഒരു സെക്കൻഡ് സമയത്തേക്കു പോലും നടക്കാൻ പോകുന്നില്ല. ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തിൽ സൈനികർക്കും കേന്ദ്ര സർക്കാരനും പ്രതിപക്ഷം എല്ലാ പിന്തുണയും നൽകുന്നു- രാഹുൽ പറഞ്ഞു.
പാകിസ്ഥാനുള്ള അതീവ സൗഹൃദ പദവി പിൻവലിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലെന്നും സൈനികരുടെ ജീവനെക്കുറിച്ച് ഒാർക്കാമെന്നും രാഹുൽ പറഞ്ഞു. എല്ലാ നടപടികളിലും കേന്ദ്രസർക്കാരിന് പിന്തുണ നൽകുന്നുണ്ട്. ഇപ്പോൾ സൈനികരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരാം. രണ്ടു ദിവസത്തേക്ക് കോൺഗ്രസ് പാർട്ടി മറ്റു വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ പോരാട്ടം ശക്തമാക്കാൻ ശ്രമിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.