pulwama-terror-attack

ഭൗതിക ദേഹങ്ങൾ ഇന്ന് സംസ്ഥാനങ്ങളിൽ എത്തിക്കും

ന്യൂഡൽഹി:ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് രാഷ്‌ട്രം ഇന്നലെ ആദരാഞ്ജലി അർപ്പിച്ചു. നാൽപ്പത് സി.ആർ.പി.എഫ് ജവാന്മാരുടെയും ഭൗതികദേഹങ്ങൾ പേടകങ്ങളിൽ

അടക്കം ചെയ്‌ത് ശ്രീനഗറിൽ നിന്ന് ഇന്നലെ വൈകിട്ട് ഏഴരയോടെ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ പൂക്കൾ വിതറി നിരത്തി വച്ച പേടകങ്ങൾക്ക് മുന്നിൽ കറുത്ത ജാക്കറ്റിന് മീതേ കറുത്ത ഷാളും പുതച്ച് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ച ശേഷം ഏറെ നേരം കണ്ണുകൾ അടച്ച് നിന്നു. പിന്നീട് സല്യൂട്ട് നൽകിയ ശേഷം എല്ലാ പേടകങ്ങളെയും ചുറ്റി നടന്നാണ് അദ്ദേഹം തിരികെ പോയത്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി,​ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ,ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ, വ്യോമസേന മേധാവി എയർമാർഷൽ ബി.എസ്.ധനോവ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. ജവാൻമാരുടെ മൃതദേഹങ്ങൾ ഇന്ന് ജന്മനാടുകളിൽ എത്തിക്കും.

സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അതത് സംസ്ഥാനങ്ങളിലെ ബി.ജെ.പി മന്ത്രിമാരോടും ബി.ജെ.പി എം.പിമാരോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ജവാൻമാരുടെ കുടുംബങ്ങൾക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രണ്ട് ലക്ഷം രൂപ വീതംപ്രഖ്യാപിച്ചു. അതത് സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. ഒറീസ 10 ലക്ഷം, തമിഴ്നാട് 20 ലക്ഷം, ഉത്തരാഖണ്ഡ് 25 ലക്ഷം, മഹാരാഷ്ട്ര 50 ലക്ഷം വീതം നൽകും.